വീണ്ടും ക്ലാസിക്! നദാലിനെ ഫ്രഞ്ച് ഓപ്പൺ സെമിയിൽ വീഴ്ത്തി ഞെട്ടിച്ചു ജ്യോക്കോവിച്ച്.

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ലോക ടെന്നീസിലെ മഹാരഥന്മാർ നേർക്ക് നേർ വന്നപ്പോൾ വീണ്ടും ഓർത്തു വച്ച് വരും തലമുറക്ക് സാക്ഷ്യം പറയാൻ ഒരു മത്സരം കൂടി. മുമ്പ് കളിച്ച 107 ഫ്രഞ്ച് ഓപ്പൺ മത്സരങ്ങളിൽ വെറും 2 മത്സരങ്ങൾ മാത്രം തോറ്റ നദാലിനെ മുമ്പ് റോളണ്ട് ഗാരോസ് സെമിയിൽ 2015 ൽ വീഴ്ത്തിയ നേട്ടം ജ്യോക്കോവിച്ച് ആവർത്തിച്ചപ്പോൾ പിറന്നത് ചരിത്രം. വെറും മൂന്നാം തവണ മാത്രം ഫ്രഞ്ച് ഓപ്പണിൽ തോറ്റ നദാൽ ജ്യോക്കോവിച്ചിനോട് മാത്രം ആണ് രണ്ടാമതും തോൽവി വഴങ്ങുന്നത്. അതും ആദ്യ സെറ്റ് നേടിയ ശേഷം വഴങ്ങുന്ന തോൽവിയും ഫ്രഞ്ച് ഓപ്പണിൽ കളിമണ്ണ് മൈതാനത്തിലെ ദൈവത്തിനു ശീലം ഇല്ലാത്തത് ആണ്. കഴിഞ്ഞ വർഷം ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് നേരിട്ട അപമാനത്തിനു മധുര പ്രതികാരം കൂടിയായി ജ്യോക്കോവിച്ചിനു ഇന്നത്തെ ജയം. അവിശ്വസനീയം എന്നു വിളിക്കാവുന്ന ടെന്നീസ് തന്നെയാണ് 35 കാരൻ ആയ നദാലും 34 കാരൻ ആയ ജ്യോക്കോവിച്ചും ഇന്ന് പുറത്ത് എടുത്തത്.

ആദ്യ സെറ്റിൽ പതിവ് പോലെ തുടങ്ങിയ നദാൽ വലിയ പ്രശ്നങ്ങൾ ഇല്ലാതെ ജ്യോക്കോവിച്ചിന്റെ സർവീസിൽ ഇരട്ട ബ്രേക്ക് കണ്ടത്തി സെറ്റിൽ 5-0 നു മുന്നിലെത്തി. നദാലിന്റെ ആദ്യ സർവീസ് തന്നെ 9 മിനിറ്റ് നീട്ടിയ ജ്യോക്കോവിച്ചിനു പക്ഷെ തുടക്കത്തിൽ പോയിന്റുകൾ നേടാൻ ആയില്ല. 5-0 ൽ നിന്നു ഒരു ബ്രൈക്ക് തിരിച്ചു പിടിച്ചു പോരാട്ടത്തിന്റെ സൂചന നൽകിയെങ്കിലും സെറ്റ് 6-3 നു ജ്യോക്കോവിച്ച് കൈവിട്ടു. രണ്ടാം സെറ്റിൽ ഇരു താരങ്ങളും നിരവധി പിഴവുകൾ വരുത്തുന്നത് ആണ് കാണാൻ ആയത്. ആദ്യം തന്നെ ബ്രൈക്ക് കണ്ടത്താൻ ജ്യോക്കോവിച്ചിനു ആയെങ്കിലും അത് അടുത്ത സർവീസിൽ തന്നെ തിരിച്ചു പിടിച്ച നദാൽ വിട്ടു കൊടുക്കാൻ തയ്യാറല്ലായിരുന്നു. എന്നാൽ ഒരിക്കൽ കൂടി ബ്രൈക്ക് കണ്ടത്തിയ ജ്യോക്കോവിച്ച് സെറ്റ് 6-3 നു നേടി മത്സരത്തിൽ ഒപ്പമെത്തി. തുടർന്ന് മൂന്നാം സെറ്റിൽ ലോകം കണ്ടത് ടെന്നീസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോരാട്ടത്തിനു തന്നെയായിരുന്നു.

ഇരു താരങ്ങളും എല്ലാം നൽകിയപ്പോൾ മൂന്നാം സെറ്റ് തീ പാറി. തുടക്കത്തിൽ തന്നെ രണ്ടാം സെറ്റിൽ എന്ന പോലെ നദാലിന്റെ സർവീസ് ജ്യോക്കോവിച്ച് ബ്രൈക്ക് ചെയ്തു. എന്നാൽ തിരിച്ചു ബ്രൈക്ക് ചെയ്തു നദാൽ തിരിച്ചടിച്ചു. എന്നാൽ ഒരിക്കൽ കൂടി ബ്രൈക്ക് കണ്ടത്തി ജ്യോക്കോവിച്ച് സെറ്റിൽ മുന്നിലെത്തി. 5-4 ലിൽ സെറ്റിനായി സർവീസ് ചെയ്ത ജ്യോക്കോവിച്ചിനു എതിരെ നദാൽ ബ്രൈക്ക് കണ്ടത്തിയത് അവിശ്വസനീയ കാഴ്ച ആയിരുന്നു. തുടർന്ന് ജ്യോക്കോവിച്ചിന്റെ സർവീസിൽ സെറ്റ് പോയിന്റ് സൃഷ്ടിക്കാൻ നദാലിന് ആയെങ്കിലും അത് രക്ഷിച്ച ജ്യോക്കോവിച്ച് സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറിൽ ആദ്യ സർവീസിൽ തന്നെ ഇരട്ടപ്പിഴവുകൾ വരുത്തിയ നദാൽ അതിനു വലിയ വില ആണ് കൊടുക്കേണ്ടി വന്നത്. എന്നും ടൈബ്രേക്കറിൽ മികവ് പുലർത്തുന്ന ജ്യോക്കോവിച്ച് സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കി മത്സരത്തിൽ ആധിപത്യം പിടിച്ചു.

മൂന്നാം സെറ്റിലെ നിരാശ മറന്നു ജ്യോക്കോവിച്ചിന്റെ ആദ്യ സർവീസ് തന്നെ നദാൽ നാലാം സെറ്റിൽ ബ്രൈക്ക് ചെയ്തു 2-0 നു മുന്നിലെത്തി. എന്നാൽ തുടർന്ന് കൂടുതൽ തളർന്ന നദാലിന് മേൽ സമ്പൂർണ ആധിപത്യം നേടിയ ജ്യോക്കോവിച്ച് ബ്രൈക്കുകൾ തുടർച്ചയായി കണ്ടത്തി സെറ്റ് 6-2 നു നേടി അവിശ്വസനീയ നേട്ടം യാഥാർത്ഥ്യം ആക്കി. നാലാം സെറ്റിൽ തുടക്കത്തിന് ശേഷം നദാലിന് ഒരവസരവും ജ്യോക്കോവിച്ച് കൊടുത്തില്ല എന്നത് ആയിരുന്നു വാസ്തവം. 21 മത്തെ ഗ്രാന്റ് സ്‌ലാം കിരീടാനേട്ടം കൈവരിച്ചു ഫെഡററിന്റെ റെക്കോർഡ് മറികടക്കാൻ നദാൽ ഇനിയും കാത്തിരിക്കണം. ജ്യോക്കോവിച്ചിനു ഇത് തന്റെ 29 മത്തെ ഗ്രാന്റ് സ്‌ലാം ഫൈനൽ ആണ്, 31 ഫൈനൽ കളിച്ച ഫെഡറർ ആണ് ജ്യോക്കോവിച്ചിനു മുന്നിലുള്ള ഏക താരം. ആറാം തവണയാണ് ജ്യോക്കോവിച്ച് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ എത്തുന്നത്. ഫൈനലിൽ ആദ്യ ഫൈനൽ കളിക്കുന്ന ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് ആണ് ജ്യോക്കോവിച്ചിന്റെ എതിരാളി. ഫൈനലിൽ ജയിച്ചാൽ 19 മത്തെ ഗ്രാന്റ് സ്‌ലാം നേട്ടം ആവും സെർബിയൻ താരത്തിന് അത്. കൂടാതെ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടാനേട്ടവും. അങ്ങനെ സംഭവിച്ചാൽ ഓപ്പൺ യുഗത്തിൽ 4 ഗ്രാന്റ് സ്‌ലാം കിരീടങ്ങളും ഒന്നിൽ കൂടുതൽ നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് ജ്യോക്കോവിച്ചിനു സ്വന്തം ആകും. വിംബിൾഡണിൽ ഫെഡറർക്ക് മുകളിലും റോളണ്ട് ഗാരോസിൽ നദാൽക്ക് മുകളിലും സമീപകാലത്ത് നേടിയ നേട്ടങ്ങൾ ജ്യോക്കോവിച്ച് ആണ് ചരിത്രത്തിലെ ഏറ്റവും മഹത്തായ താരം എന്ന വാദത്തിനു കൂടി ശക്തി പകരുന്നുണ്ട്. പരസ്പരമുള്ള പോരാട്ടത്തിൽ നദാലിന്റെ 28 ജയങ്ങൾക്ക് മേൽ 30 മത്തെ ജയം കൂടിയാണ് ഇന്നത്തെ ജയം ജ്യോക്കോവിച്ചിനു. 4 മണിക്കൂറിൽ ഏറെ നീണ്ട മത്സരത്തിൽ മൂന്നാം സെറ്റ് മാത്രം ഒന്നര മണിക്കൂർ നീണ്ടു നിന്നിരുന്നു.