അലക്‌സാണ്ടർ അർണോൾഡിന് പകരം ബെൻ വൈറ്റ് ഇംഗ്ലണ്ട് ടീമിൽ

Staff Reporter

പരിക്കേറ്റ് ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്തുപോയ ലിവർപൂൾ താരം അലക്സാണ്ടർ അർണോൾഡിന് പകരം ബെൻ വൈറ്റ് ഇംഗ്ലണ്ടിന്റെ യൂറോ കപ്പ് ടീമിൽ. കഴിഞ്ഞ ദിവസം ഓസ്ട്രിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് അലക്സാണ്ടർ അർണോൾഡിന് പരിക്കേറ്റത്. നേരത്തെ ഇംഗ്ലണ്ട് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ് പ്രഖ്യാപിച്ച 33 അംഗ പ്രാഥമിക ടീമിൽ ബെൻ വൈറ്റ് അംഗമായിരുന്നെങ്കിലും അവസാന 26 അംഗ ടീമിൽ ഇടം പിടിക്കാൻ ബെൻ വൈറ്റിനായിരുന്നില്ല.

എന്നാൽ അലക്സാണ്ടർ അർണോൾഡിന് പരിക്കേറ്റതോടെ ബെൻ വൈറ്റിന് അവസരം ലഭിക്കുകയായിരുന്നു. പ്രതിരോധ നിരയിലും മിഡ്ഫീൽഡിലും കളിക്കാൻ കഴിവുള്ള ബെൻ വൈറ്റ് ഓസ്ട്രിയക്കെതിരായ സൗഹൃദ മത്സരത്തിലാണ് ഇംഗ്ലണ്ടിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. പ്രീമിയർ ലീഗിൽ ബ്രൈറ്റന്റെ താരമായ ബെൻ വൈറ്റ് ഈ സീസൺ 36 പ്രീമിയർ ലീഗ് മത്സരങ്ങൾ അവർക്ക് വേണ്ടി കളിച്ചിട്ടുണ്ട്.