അഫ്ഗാനിസ്ഥാന്റെ സൂപ്പര്‍ സ്പിന്നര്‍ റഷീദ് ഖാന് പറയുന്നത് ക്രിക്കറ്റ് തന്റെ ആദ്യ പദ്ധതിയായിരുന്നില്ലെന്നും തന്റെ മാതാപിതാക്കൾ തന്നെ ഒരു ഡോക്ടറായി കാണണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നതെന്നുമാണ്. പാക്കിസ്ഥാന് സൂപ്പര്‍ ലീഗിൽ പങ്കെടുക്കാനായി യുഎഇയിലാണ് താരമിപ്പോളുള്ളത്. ടി20 ലീഗിൽ ഏവരും ടീമിലെത്തിക്കുവാനാഗ്രഹിക്കുന്ന താരം തന്റെ കുടുംബത്തിൽ ഒരു ഡോക്ടറില്ലാത്തതിനാൽ താനതാകണമെന്നായിരുന്നു ആഗ്രഹമെന്നും തന്നെ ഒരിക്കലും വീട്ടുകാര്‍ ക്രിക്കറ്റ് കളിക്കുവാന്‍ അനുവദിച്ചിരുന്നില്ലെന്നും പറഞ്ഞു.
താന്‍ പഠനത്തിൽ മിടുക്കനായിരുന്നുവെന്നും ക്രിക്കറ്റ് കളിക്കാനായി താന്‍ ഒട്ടേറെ കഷ്ടപ്പെട്ടിരുന്നുവെന്നും റഷീദ് ഖാന് വ്യക്തമാക്കി. താന്‍ പരിശീലനത്തിനായി ഒരു അക്കാഡമിയിലോ ക്ലബിലോ പോയിട്ടില്ലെന്നും മത്സരങ്ങൾ കളിക്കുവാന്‍ തന്റെ സുഹൃത്ത് തന്നെ കൂട്ടുമായിരുന്നുവെന്നും അവിടെയുള്ള പരിചയം ആണ് തന്നെ കളിക്കാരനായി വളര്‍ത്തിയതെന്നും റഷീദ് ഖാൻ വ്യക്തമാക്കി.