ഇംഗ്ലണ്ടിലേക്ക് ഇടം കിട്ടാത്തതിൽ വിഷമം, ശ്രീലങ്കയിൽ തന്നെ ഒഴിവാക്കില്ലെന്ന് പ്രതീക്ഷ – കുല്‍ദീപ്

Sports Correspondent

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് തന്നെ പരിഗണിക്കാത്തതിൽ വിഷമമുണ്ടെന്നും എന്നാൽ ശ്രീലങ്കയിലേക്ക് തനിക്ക് അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞ് കുൽദീപ് യാദവ്. ഏതാനും വര്‍ഷമായി മോശം ഫോമിലൂടെ കടന്ന് പോകുന്ന താരത്തിന് ഇന്ത്യൻ ടീമിലോ ഐപിഎൽ ഫ്രാ‍ഞ്ചൈസിയിലോ സ്ഥിരമായി അവസരം ഇല്ലാതായിട്ടുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി താരത്തിന് ഈ സീസണിൽ ഒരു മത്സരം പോലും കളിക്കാനായിരുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനാകട്ടെ താരത്തിന് പകരം അക്സര്‍ പട്ടേലിനും വാഷിംഗ്ടൺ സുന്ദറിനും അവസരം ലഭിച്ചു. അതിന് മുമ്പ് ഓസ്ട്രേലിയയിൽ താരത്തിന് ഒരു മത്സരത്തിലും അവസരം ലഭിച്ചില്ല. ഇംഗ്ലണ്ടിനെതിരെ താരത്തിന് പകരം ഷഹ്ബാസ് നദീമിനെയും വാഷിംഗ്ടൺ സുന്ദറിനെയും ആണ് ഇന്ത്യൻ ടീം മാനേജ്മെന്റ് പരിഗണിച്ചത്.

ടീമിൽ ഇടമില്ലെങ്കിൽ ഏത് താരത്തിനും സങ്കടമുണ്ടാകുമെന്നും തനിക്കും അത്തരത്തിൽ സങ്കടമുണ്ടെന്നും കുൽദീപ് പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ വിഷമമുണ്ടെങ്കിലും അടുത്ത അവസരത്തിനായി നാം കാത്തിരിക്കണമെന്നും കുൽദീപ് വ്യക്തമാക്കി. ശ്രീലങ്കയിലേക്ക് തനിക്ക് തീര്‍ച്ചയായും അവസരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും കുല്‍ദീപ് പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി ഏഴ് ടെസ്റ്റുകൾ, 63 ഏകദിനങ്ങൾ, 21 ടി20 മത്സരങ്ങളിൽ നിന്നായി യഥാക്രമം 26, 105, 39 എന്നിങ്ങനെയാണ് കുല്‍ദീപ് വിക്കറ്റുകൾ നേടിയത്.