ലാലിഗയിൽ ഇന്ന് നിർണായക മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് റയൽ സോസിഡാഡിനെ നേരിടും. ഇന്നലെ ബാഴ്സലോണ സമനില വഴങ്ങിയത് കൊണ്ട് തന്നെ ഇന്ന് വിജയിച്ചാൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ ലീഡ് 4 പോയിന്റായി ഉയരും. ഇപ്പോൾ 77 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. സിമിയോണിയുടെ ടീമിന് അവശേഷിക്കുന്ന മൂന്നു മത്സരങ്ങളിൽ ഏറ്റവും കടുപ്പമുള്ളത് ഈ മത്സരമാണ്.
ഇന്ന് വിജയിച്ചാൽ നാളെ കളത്തിൽ ഇറങ്ങുന്ന റയൽ മാഡ്രിഡിനു മേൽ സമ്മർദ്ദം ഉയർത്താനും അത്ലറ്റിക്കോ മാഡ്രിഡിനാകും. ഗോൾ അവസരങ്ങൾ സൃഷ്ടിക്കാൻ ആവാത്തതാണ് അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പൊൾ നേരിടുന്ന പ്രധാന പ്രശ്നം. അത് മറികടന്നാൽ കിരീടം സ്വന്തമാക്കാൻ സിമിയോണിയുടെ ടീമിനായേക്കും. പരിക്കേറ്റ ലെമാർ ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് നിരയിൽ ഉണ്ടാകില്ല. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.