ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വലിയ ഒരു പോരാട്ടം തന്നെയാണ് നടക്കുന്നത്. ലണ്ടണിൽ നടക്കുന്ന പോരാട്ടത്തിൽ ചെൽസി മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ലീഗിലെ ടോപ് 4 പൊസിഷൻ തീരുമാനിക്കുന്നതിൽ അതിനിർണായകം ആകുന്ന പോരാട്ടമാകും ഇത്. തോമസ് ടൂഹൽ പരിശീലകനായി എത്തിയ ശേഷം ഗംഭീര പ്രകടനം ആണ് ചെൽസി കാഴ്ചവെക്കുന്നത്. പുതിയ പരിശീലകന് കീഴിൽ ഒരു മത്സരം പോലും ചെൽസി പരാജയപ്പെട്ടിട്ടില്ല.
ചാമ്പ്യൻസ് ലീഗിൽ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിൽ ആകും ചെൽസി യുണൈറ്റഡിനെതിരെ ഇറങ്ങുക. അവസാന മൂന്ന് മത്സരത്തിലും ക്ലീൻ ഷീറ്റു നേടിയ ചെൽസി ഡിഫൻസിലും താളം കണ്ടെത്തിയിരിക്കുകയാണ്. തിയാഗോ സിൽവ മാത്രമാണ് ചെൽസി നിരയിൽ പരിക്കേറ്റ് പുറത്ത് ഇരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ നിരവധി താരങ്ങൾ പരിക്കേറ്റ് പുറത്താണ്.
പോഗ്ബ, കവാനി, മക്ടോമിനെ, ജെയിംസ്, വാൻ ഡെ ബീക്, മാറ്റ എന്നിവർക്ക് ഒക്കെ പരിക്കാണ്. മക്ടോമിനെയും വാൻ ഡെ ബീകും ഇന്ന് കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാന മൂന്ന് തവണ ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ വന്നപ്പോഴും യുണൈറ്റഡിനായിരുന്നു വിജയം. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം നടക്കുന്നത്. മത്സരം സ്റ്റാർ നെറ്റ്വറ്റ്ക്കിലും ഹോറ്റ്സ്റ്റാറിലും കാണാം.