ഷമീൽ ചെമ്പകത്ത് ഇനി ഹൈദരാബാദ് എഫ് സി റിസേർവ്സ് ടീം മുഖ്യപരിശീലകൻ

Newsroom

മലയാളിയായ ഷമീൽ ചെമ്പകത്തിനെ ഹൈദരാബാദ് എഫ് സി അവരുടെ അണ്ടർ 18 ടീമിന്റെയും റിസേർവ്സ് ടീമിന്റെയും മുഖ്യ പരിശീലകനായി നിയമിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ടീമുകളുടെ പരിശീലക വേഷം കഴിഞ്ഞ സീസൺ അവസാനത്തോടെ ഒഴിഞ്ഞാണ് ഷമീൽ ചെമ്പകത്ത് ഹൈദരബാദ് എഫ് സിയിലേക്ക് എത്തുന്നത്. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്ന തങ്ബോയ് സിങ്ടോയൊടൊപ്പം വീണ്ടും ഷമീൽ ചെമ്പകത്ത് ഇതോടെ ഒന്നിക്കുകയാണ്.

അവസാന മൂന്ന് വർഷമായി ഷമീൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്ന പരിശീലകനാണ് ഷമീൽ. കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 15 ടീമിന്റെ പരിശീലകൻ ആയാണ് മൂന്ന് വർഷം മുമ്പ് ഷമീൽ ബ്ലാസ്റ്റേഴ്സിൽ എത്തിയത്.പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന്റെ പരിശീലകനായി. ഫസ്റ്റ് ടീമിൽ അസിസ്റ്റന്റ് കോച്ചായും ഷമീൽ പ്രവർത്തിച്ചിരുന്നു. അടുത്തിടെയാണ് കോച്ചിങ് ലൈസൻസായ എ എഫ് സി എ ലൈസൻസ് ഷമീൽ സ്വന്തമാക്കിയത്. മലപ്പുറം ജില്ലയിൽ നിന്ന് ആദ്യമായി എ ലൈസൻസ് ലഭിക്കുന്ന പരിശീലകനായി ഷമീൽ ഇതോടെ മാറിയിരുന്നു.

ഹൈദരാബാദ് എഫ് സി തന്നിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി ഉണ്ട് എന്നും ഈ പുതിയ വെല്ലുവിളി പ്രതീക്ഷയോടെയാണ് സ്വീകരിക്കുന്നത് എന്നും ഷമീൽ ചെമ്പകത്ത് പറഞ്ഞു.