പ്രീമിയർ ലീഗിൽ ലീഡ്സിനെതിരെ ചെൽസിക്ക് ഉജ്ജ്വല ജയം. പരിശീലകർ തമ്മിലുള്ള പോരാട്ടത്തിന് പേരുകേട്ട മത്സരത്തിൽ പിന്നിൽ നിന്ന് തിരിച്ചുവെന്നാണ് ചെൽസി ജയം സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. ജയത്തോടെ പ്രീമിയർ ലീഗിന്റെ തലപ്പത്ത് എത്താനും ചെൽസിക്കായി. മത്സരത്തിൽ വെര്‍ണര്‍ തുറന്ന അവസരങ്ങൾ നഷ്ട്ടപെടുത്തിയിട്ടില്ലായിരുന്നെങ്കിൽ ചെൽസിയുടെ ലീഡ് ഇതിലും വർദ്ധിക്കുമായിരുന്നു.
മുൻ ചെൽസി അക്കാദമി താരം ബാംഫോർഡിന്റെ ഗോളിലാണ് മത്സരത്തിന്റെ നാലാം മിനുട്ടിൽ ലീഡ്സ് ചെൽസിക്കെതിരെ മുൻപിലെത്തിയത്. ഗോൾ വഴങ്ങിയതോടെ നിരവധി അവസരങ്ങൾ സൃഷ്ട്ടിച്ച ചെൽസി മത്സരത്തിന്റെ 27 മിനുറ്റിൽ ഒളിവിയർ ജിറൂദിന്റെ ഗോളിലൂടെ സമനില പിടിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ ഹെഡറിലൂടെ സൂമ മത്സരത്തിൽ ചെൽസിയെ മുൻപിൽ എത്തിക്കുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ വെര്‍ണറുടെ പാസിൽ നിന്ന് പുലിസിച്ചിലൂടെ ചെൽസി മൂന്നാമത്തെ ഗോളും നേടി ജയം ഉറപ്പിക്കുകയായിരുന്നു.