ചരിത്രത്തിലെ 235 മത്തെ മെഴ്സിസൈഡ് ഡെർബിക്ക് ഇന്ന് ഗുഡിസൺ പാർക്ക് വേദിയാവുമ്പോൾ മുമ്പ് എങ്ങുമില്ലാത്ത പ്രതീക്ഷയാണ് എവർട്ടൺ ആരാധകർക്ക്. അതിനു കാരണം കാർലോ ആഞ്ചലോട്ടിയുടെ ടീമിന്റെ മിന്നും ഫോം തന്നെയാണ്. നിലവിൽ കളിച്ച 4 കളികളിലും ജയം കണ്ട അവർ ലീഗിൽ ഒന്നാം സ്ഥാനത്ത് ആണ്. ഗോൾ അടിച്ച് കൂട്ടുന്ന കാൾവർട്ട് ലൂയിൻ, മികച്ച പ്രകടനവും ആയി റിച്ചാർലിസൻ, മധ്യനിരയിൽ അലനും ഡികോറയും നൽകുന്ന സുരക്ഷ, പ്രതിരോധത്തിൽ യൂരി മിന, മൈക്കിൾ കീൻ, ലൂക്കാസ് ഡീൻ, കോൾമാൻ എന്നിവരുടെ മികവ് അതിനൊപ്പം പ്രീമിയർ ലീഗിൽ ഇതിനകം തന്നെ മിന്നും പ്രകടനവും ആയി കളം ഭരിക്കുന്ന ഹാമസ് റോഡ്രിഗസ്. ഇങ്ങനെ എവർട്ടനു ലഭിച്ചത് അവരുടെ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തുടക്കം ആണ്. കഴിഞ്ഞ ആറു കളികളിൽ നിന്നു 9 ഗോളുകൾ അടിച്ച കാൾവർട്ട് ലൂയിൻ യൂറോപ്പിലെ തന്നെ നിലവിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരൻ ആണ്. അതിനാൽ തന്നെ എവർട്ടന്റെ പ്രതീക്ഷകൾ ഇത്തവണ വാനോളം ആണ്.
1930 കൾക്ക് ശേഷം ലീഗിലെ ആദ്യ 5 മത്സരങ്ങളും ജയിക്കാൻ ലക്ഷ്യം വക്കുന്ന എവർട്ടൺ 1989 നു ശേഷം ആദ്യമായാണ് ടേബിൾ ഒന്നാം സ്ഥാനക്കാർ ആയി മെഴ്സിസൈഡ് ഡെർബിക്ക് ഒരുങ്ങുന്നത്. എന്നാൽ സമീപകാലത്ത് ലിവർപൂളിന് എതിരെ നല്ല റെക്കോർഡ് അല്ല അവർക്ക് ഉള്ളത്. കഴിഞ്ഞ 22 കളികളിൽ അതിൽ 19 എണ്ണം പ്രീമിയർ ലീഗിൽ ലിവർപൂളിനെ മറികടക്കാൻ എവർട്ടനു ആയിട്ടില്ല. ക്ലോപ്പ് സ്ഥാനം ഏറ്റെടുത്ത ശേഷം കളിച്ച 11 കളികളിലും ലിവർപൂൾ തങ്ങളുടെ അയൽക്കാരോട് തോൽവി വഴങ്ങിയിട്ടെ ഇല്ല, കളിച്ച 11 കളികളിൽ 7 എണ്ണത്തിൽ ജയിക്കാൻ ക്ലോപ്പിന് ആയി. അതേസമയം ഗുഡിസൺ പാർക്കിൽ നടന്ന കഴിഞ്ഞ 3 ഡെർബികളും സമനിലയിൽ ആണ് അവസാനിച്ചത്. എന്നാൽ ഇത്തവണ മിന്നും ഫോമിൽ ഗോൾ അടിച്ച് കൂട്ടുന്ന ആഞ്ചലോട്ടിയുടെ ടീമിന്റെ ലക്ഷ്യം ജയം മാത്രം ആയിരിക്കും. ലൂക്കാസ് ഡീൻ, യൂരി മിന എന്നിവർ കളിക്കും എന്നത് എവർട്ടനു വലിയ ഊർജ്ജം ആവും നൽകുക.
അതേസമയം കളിച്ച 4 മത്സരങ്ങളിൽ മൂന്നിലും ജയിക്കാൻ ആയി എങ്കിലും കഴിഞ്ഞ മത്സരത്തിൽ ആസ്റ്റൻ വില്ലയോട് വഴങ്ങിയ 7-2 ന്റെ അവിശ്വസനീയ തോൽവിയിൽ നിന്നു തിരിച്ചു വരാൻ ആവും ലിവർപൂൾ ശ്രമിക്കുക. എവർട്ടനു എതിരെയുള്ള സമീപകാല റെക്കോർഡ് അവർക്ക് അനുകൂലം ആണ് എങ്കിലും ഗോളടിച്ചു കൂട്ടുന്ന എവർട്ടനു എതിരെ നാലു കളികളിൽ നിന്നു 11 ഗോളുകൾ വഴങ്ങിയ പ്രതിരോധം എങ്ങനെ പ്രതികരിക്കും എന്നത് ആവും ക്ലോപ്പിന് തലവേദന സൃഷ്ടിക്കുക. പ്രത്യേകിച്ച് ഇന്നും ഗോൾ കീപ്പർ ആലിസൻ ബക്കർ കളിക്കില്ല എന്നത് അവർക്ക് തലവേദന ആവും കഴിഞ്ഞ കളികളിൽ വമ്പൻ അബദ്ധം കാണിച്ച അഡ്രിയാനെ തീർത്തും വിശ്വാസത്തിലെടുക്കാൻ ലിവർപൂളിന് ആവില്ല. നബി കെയ്റ്റയും ഇന്ന് കളത്തിലിറങ്ങില്ല എന്നു വ്യക്തമാണ്.
അതേസമയം കോവിഡ് ഭേദമായി വരുന്ന സാദിയോ മാനെ, പൂർണമായും ശാരീരിക ക്ഷമത വീണ്ടെടുത്ത തിയാഗോ എന്നിവരുടെ തിരിച്ചു വരവ് ക്ലോപ്പിന് വലിയ ആത്മവിശ്വാസം പകരും. പോർച്ചുഗലിന് ആയി മിന്നും കളി പുറത്ത് എടുത്ത ഡീഗോ ജോട്ടയെ ക്ലോപ്പ് കളത്തിലിറക്കുമോ എന്നു കണ്ടു തന്നെ അറിയണം. മുന്നേറ്റത്തിൽ ഡൊമിനിക് കാൾവർട്ട് ലൂയിൻ, റിച്ചാർലിസൻ എന്നിവരും മധ്യനിരയിൽ ഹാമസ് റോഡ്രിഗസ് എന്നിവർ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ആവും ലിവർപൂളിന് തലവേദന ആവുക. നിലവിൽ ലീഗിൽ അഞ്ചാം സ്ഥാനത്തുള്ള ലിവർപൂൾ മറ്റൊരു തോൽവി ആഗ്രഹിക്കുന്നില്ല. വില്ലക്ക് എതിരായ കനത്ത തോൽവിക്ക് സലാഹും മാനെയും അടങ്ങിയ തന്റെ മുന്നേറ്റ നിര മറുപടി പറയും എന്ന പ്രതീക്ഷ തന്നെയാണ് ക്ലോപ്പിന് ഉള്ളത്. ഒപ്പം എവർട്ടനു എതിരായ മികച്ച റെക്കോർഡ് അവർക്ക് വലിയ ആത്മവിശ്വാസം പകരും. ഏതായാലും ഇത്തവണത്തെ മെഴ്സിസൈഡ് ഡെർബി സമീപകാലത്തെ അപേക്ഷിച്ച് തീപാറും എന്നുറപ്പാണ്.