ടിയേർണിയും പാർട്ടിയും മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ കളിച്ചേക്കും എന്ന സൂചന നൽകി ആർട്ടെറ്റ

Img 20201013 Wa0374
- Advertisement -

പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ കിരൻ ടിയേർണിയും തോമസ് പാർട്ടിയും ഇറങ്ങിയേക്കും എന്ന സൂചന നൽകി ആഴ്സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. അത്ലറ്റികോ മാഡ്രിഡിൽ നിന്നു 45 മില്യൻ യൂറോക്ക് ആഴ്സണലിൽ എത്തിയ ഘാന താരം തോമസ് പാർട്ടി തന്റെ ആഴ്സണൽ അരങ്ങേറ്റം സിറ്റിക്ക് എതിരെ ഉണ്ടായേക്കാം എന്നു വ്യക്തമാക്കിയ ആർട്ടെറ്റ താരത്തിന്റെ പരിശീലനത്തിൽ തൃപ്തി രേഖപ്പെടുത്തി. താരത്തിന്റെ ശാരീരികക്ഷമതയിൽ തൃപ്തൻ ആണ് താൻ എന്നും വ്യക്തമാക്കി.

എത്രയും പെട്ടെന്ന് ആഴ്സണലിന് ആയി അരങ്ങേറണം എന്ന ചിന്തയാണ് പാർട്ടി പങ്ക് വച്ചത്‌ എന്നു പറഞ്ഞ ആർട്ടെറ്റ പാർട്ടി സിറ്റിക്ക് എതിരെ പകരക്കാരുടെ ബെഞ്ചിൽ എങ്കിലും ഉറപ്പായും ഉണ്ടാകും എന്ന ശക്തമായ സൂചന ആണ് നൽകിയത്. അതേസമയം സ്‌കോട്ടിഷ് കോവിഡ് നിയമങ്ങൾ വില്ലനായ കിരൻ ടിയേർണിയെ ആഴ്സണലിന് കളിപ്പിക്കാൻ ആവും എന്ന പ്രതീക്ഷയും ആഴ്സണൽ പരിശീലകൻ പങ്ക് വച്ചു. ടിയേർണിയുടെ സ്‌കോട്ടിഷ് ടീം അംഗമായ സ്റ്റുവർട്ട് ആംസ്ട്രോങിനു കോവിഡ് സ്ഥിരീകരിച്ചതോടെ താരം 14 ദിവസം സ്വയം ക്വാറന്റീനിൽ പോവണം എന്നായിരുന്നു സ്‌കോട്ട്‌ലൻഡ് നിർദ്ദേശം. എന്നാൽ ആംസ്ട്രോങുമായി ടിയേർണി അടുത്ത് ഇടപെട്ടിട്ടില്ല എന്നതിനാലും താരത്തിന് കോവിഡ് സ്ഥിരീകരിച്ചില്ല എന്നതിനാലും താരത്തെ കളിപ്പിക്കാൻ ആവും എന്നാണ് ആഴ്സണൽ പ്രതീക്ഷ.

Advertisement