ഫ്രഞ്ച് ഓപ്പണിൽ അവസാന പതിനാറിലേക്ക് മുന്നേറി മൂന്നാം സീഡ് ഓസ്ട്രിയൻ താരം ഡൊമിനിക് തീം. റോളണ്ട് ഗാരോസിൽ തുടർച്ചയായ അഞ്ചാം വർഷമാണ് തീം അവസാന പതിനാറിൽ എത്തുന്നത്. തീമിന്റെ തുടർച്ചയായ പത്താം ജയം ആയിരുന്നു ഇത്. 28 സീഡ് ആയ നോർവീജിയൻ താരം കാസ്പർ റൂഡ് ആദ്യ സെറ്റിൽ വലിയ വെല്ലുവിളി ആണ് തീമിനു നൽകിയത്. ബ്രൈക്ക് നേടിയ റൂഡ് പക്ഷെ ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം ആദ്യ സെറ്റിൽ 6-4 നു തോൽവി സമ്മതിച്ചു. രണ്ടാം സെറ്റിന്റെ തുടക്കത്തിലും നിരവധി ബ്രൈക്ക് അവസരങ്ങൾ ആണ് റാഫേൽ നദാൽ അക്കാദമി താരം ആയിരുന്ന 21 കാരൻ ആയ കാസ്പർ റൂഡ് തുറന്നത്. എന്നാൽ തുടക്കത്തിലെ മെല്ലെപ്പോക്ക് തീർത്ത തീം ഇതൊക്കെ അതിജീവിച്ചു.
രണ്ടാം സെറ്റിൽ തുടർച്ചയായ ബ്രൈക്ക് കണ്ടത്തിയ തീം തുടക്കത്തിൽ സർവീസിൽ നേരിട്ട പ്രശ്നങ്ങളും രണ്ടാം സെറ്റിൽ പരിഹരിച്ചു. സെറ്റ് 6-3 നു നേടിയ തീം മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ തന്റെ മികവിന്റെ പൂർണതയിലേക്ക് ഉയർന്ന കളിമണ്ണ് കോർട്ടിലെ രാജകുമാരൻ 6-1 മൂന്നാം സെറ്റ് നേടി അവസാന പതിനാറിലേക്ക് മുന്നേറി. കഴിഞ്ഞ 2 തവണയും ഫൈനലിൽ നദാലിന് മുമ്പിൽ കീഴടങ്ങിയ തീം ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യം വക്കുന്നത്. ഗ്രാന്റ് സ്ലാം കിരീടം നേടാൻ ആവും എന്നു ന്യൂയോർക്കിൽ തെളിയിച്ച തീം പാരീസിൽ തുടർച്ചയായ രണ്ടാം ഗ്രാന്റ് സ്ലാം ആവും ലക്ഷ്യം വക്കുക.