യു.എസ് ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് അനായാസ മുന്നേറ്റം നടത്തി മൂന്നാം സീഡ് സെറീന വില്യംസ്. സീഡ് ചെയ്യാത്ത റഷ്യൻ താരം മാർഗരിറ്റക്ക് എതിരെ മിന്നും ഫോമിലായിരുന്നു സെറീന. 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 6 തവണ ബ്രൈക്ക് ചെയ്ത സെറീന, 7 ഏസുകളും മത്സരത്തിൽ ഉതിർത്തു. സർവീസിൽ പറ്റിയ പിഴവുകൾ സെറീന മികച്ച റിട്ടേണുകളും ആയി തിരുത്തി. 5 സർവീസ് ഇരട്ട പിഴവുകൾ ആണ് സെറീന മത്സരത്തിൽ വരുത്തിയത്. ആദ്യ സെറ്റ് 6-2 നും രണ്ടാം സെറ്റ് 6-4 നും നേടിയ അമേരിക്കൻ താരം ടൂർണമെന്റിൽ ഉടനീളം സമാനമായ ഫോമിൽ തുടരാൻ ആവും ശ്രമിക്കുക.
ബെലാറസ് താരങ്ങളുടെ മുഖാമുഖത്തിൽ അഞ്ചാം സീഡ് ആര്യാന സബലങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു മുൻ ലോക ഒന്നാം നമ്പർ താരമായ വിക്ടോറിയ അസരങ്ക. സീഡ് ചെയ്യപ്പെട്ടില്ല എങ്കിലും സിൻസിനാറ്റി ഓപ്പൺ ജയിച്ച് യു.എസ് ഓപ്പണിന് എത്തിയ അസരങ്ക മികച്ച ഫോമിൽ ആയിരുന്നു. ലഭിച്ച 5 ബ്രൈക്ക് പോയിന്റുകളും മുതലാക്കിയ അസരങ്ക 6-1, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മത്സരം സ്വന്തം പേരിലാക്കി. സ്പാനിഷ് താരം ബോൾസോവയെ 6-2, 6-1 എന്ന നേരിട്ടുള്ള സ്കോറിന് മറികടന്ന അമേരിക്കൻ താരവും ഏഴാം സീഡുമായ മാഡിസൺ കീയ്സും മറ്റൊരു അമേരിക്കൻ താരവും 26 സീഡുമായ സൊളേന സ്റ്റീഫൻസും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം മഴ ഒട്ടുമിക്ക മത്സരങ്ങളും മാറ്റി വക്കാൻ അധികൃതരെ നിർബന്ധിതമാക്കി.