മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനെ കേരള രഞ്ജി ട്രോഫി ടീമിന്റെ പരിശീലകനായി നിയമിച്ചു. ഓസ്ട്രേലിയൻ പരിശീലകനായിരുന്ന ഡേവിഡ് വാട്മോറിന്റെ കാലാവധി കഴിഞ്ഞതോടെയാണ് ടിനു കേരള രഞ്ജി ടീമിന്റെ പരിശീലകനാവുന്നത്. ഈ സീസണിൽ രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ പ്രകടനം മോശമായതോടെയാണ് ഡേവിഡ് വാട്മോറിനെ മാറ്റാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത്.
2017ലാണ് വാട്മോർ കേരള രഞ്ജി ട്രോഫി ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. ഇന്ത്യക്ക് വേണ്ടി ആദ്യമായി ടെസ്റ്റ് കളിച്ച മലയാളിയാണ് ടിനു യോഹന്നാൻ. അണ്ടർ 23 ടീമിന്റെ പരിശീലകനായി ഫിറോസ് റഷീദിനെയും അണ്ടർ 19 ടീമിന്റെ പരിശീലകനായി സുനിൽ ഒയാസിസിനെയും അണ്ടർ 16 ടീമിന്റെ പരിശീലകനായി പി.പ്രശാന്തിനെയും നിയമിച്ചിട്ടുണ്ട്. നേരത്തെ കേരള രഞ്ജി ടീമിന്റെ ബൗളിംഗ് പരിശീലകനായും താത്കാലിക പരിശീലകനായും ടിനു പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി 3 ടെസ്റ്റ് മത്സരങ്ങളും 3 ഏകദിന മത്സരങ്ങളുമാണ് ടിനു കളിച്ചത്. കേരളത്തിന് വേണ്ടി ടിനു യോഹന്നാൻ 59 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.