സ്റ്റീവൻ ജെറാർഡ് പരിശീലിപ്പിക്കുന്ന സ്കോട്ടിഷ് ക്ലബ്ബ് റേഞ്ചേയ്‌സ് യൂറോപ്പ ലീഗിൽ റൌണ്ട് 16 പ്രവേശനം ഉറപ്പാക്കി. പോർച്ചുഗൽ ക്ലബ്ബ് സ്പോർട്ടിങ് ബ്രാഗയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചാണ് അവർ യൂറോപ്യൻ ഫുട്‌ബോളിൽ കരുത്ത് അറിയിച്ചത്. ആദ്യ പാദത്തിൽ 3-2 ന് ജയിച്ച അവർ ഇന്നത്തെ എവേ ജയത്തോടെ 4-2 നാണ് ഇരു പാദങ്ങളിലുമായി സ്കോർ നില അവസാനിപ്പിച്ചത്.
ആദ്യ പാദത്തിൽ 2 ഗോളുകൾക്ക് പിറകിൽ പോയ ശേഷം അസാമാന്യ തിരിച്ചു വരവ് നടത്തിയാണ് ജറാർഡിന്റെ ടീം സ്കോർ 3-2 ൽ കളി അവസാനിപ്പിച്ചത്. ഇന്ന് പക്ഷെ ബ്രാഗക്ക് ഒട്ടും അവസരങ്ങൾ നൽകാതെ തന്നെ ലക്ഷ്യത്തിൽ എത്താൻ റേഞ്ചേയ്‌സിന് സാധിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഹാഗി പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും 61 ആം മിനുട്ടിൽ റയാൻ കെന്റ് റേഞ്ചേയ്‌സ് ഗോൾ നേടി ആശങ്കകൾ അകറ്റി. വെള്ളിയാഴ്ച്ചയാണ് റൌണ്ട് 16 ലെ മത്സര ക്രമങ്ങൾക്കായുള്ള നറുക്കെടുപ്പ്. 2011 ന് ശേഷം ആദ്യമായാണ് റേഞ്ചേയ്‌സ് ഒരു യൂറോപ്യൻ ടൂർണമെന്റിന്റെ അവസാന 16 ൽ പ്രവേശിക്കുന്നത്.