വനിതാ ലോകകപ്പിന്റെ ഫൈനൽ മുംബൈയിൽ വെച്ച് നടക്കും

Newsroom

അടുത്ത വർഷം നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിന്റെ വേദികൾ ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഉദ്ഘാടന മത്സരം ഗുവാഹത്തിയിൽ വെച്ചും ഫൈനൽ നാവി മുംബൈയിൽ വെച്ചും നടക്കും എന്ന് ഫിഫ ഔദ്യോഗികമായി അറിയിച്ചു. ലോകകപ്പിനോട് അനുബന്ധിച്ച് നടക്കുന്ന ഉദ്ഘാടന പരുപാടികളും ഗുവാഹത്തിയിൽ വെച്ചാകും നടക്കുക. ഈ വർഷം നവംബർ മാസത്തിൽ ആകും ലോകകപ്പ് നടക്കുക. നവംബർ 2ന് ആരംഭിച്ച് നവംബർ 21ന് ഫൈനൽ നടക്കുന്ന വിധത്തിൽ ആയിരിക്കും ടൂർണമെന്റ്.

ഗുവാഹത്തി, ഭുവനേശ്വർ, നാവി മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ് എന്നീ വേദികളാണ് ടൂർണമെന്റിന് വേദിയാവുക. നാവി മുംബൈയിൽ വെച്ച് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുന്നില്ല.

അണ്ടർ 17 ആൺ കുട്ടികളുടെ ലോകകപ്പിൽ ആറു വേദികൾ ഉണ്ടായിരുന്നു എങ്കിൽ വനിതാ ലോകകപ്പിൽ 16 ടീമുകൾ മാത്രമായതിനാൽ നാലു വേദികളെ ഗ്രൂപ്പ് ഘട്ടത്തിൻ ആവശ്യമുള്ളൂ. മൂന്ന് വർഷം മുമ്പ് അണ്ടർ 17 പുരുഷ ലോകകപ്പിന് ആതിഥ്യം വഹിച്ച ഇന്ത്യയുടെ മികവ് ആണ് വീണ്ടും ഒരു ഫിഫാ ടൂർണമെന്റിന് ആതിഥ്യം വഹിക്കാൻ ഫിഫ ഇന്ത്യയെ തിരഞ്ഞെടുക്കാൻ കാരണം. ഇത് ഇന്ത്യയിലെ വനിതാ ഫുട്ബോളിനും അത് ഒരു വലിയ ഊർജ്ജമാകും എന്നാണ് കരുതപ്പെടുന്നത്.