ഇന്റർ മിലാന്റെ കിരീട സ്വപ്നങ്ങൾക്ക് ഭീഷണിയായി അവർ വിറ്റ നൈഗോലാന്റെ ഗോൾ. സീരി എ യിൽ കലിയാരിയെ നേരിട്ട ഇന്ററിന് സമനില മാത്രമാണ് നേടാനായത്. സ്വന്തം മൈതാനമായ സാൻ സിറോയിൽ 1-1 ന്റെ സമനിലയാണ് കൊണ്ടെയുടെ ടീം വഴങ്ങിയത്. നിലവിൽ യുവന്റസുമായി 3 പോയിന്റ് പിറകിൽ ഉള്ള ഇന്റർ അടുത്ത മത്സരത്തിൽ യുവന്റസ് ജയിച്ചാൽ 6 പോയിന്റ് പിറകിലാകും.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് എത്തിച്ച ആഷ്‌ലി യങ്ങിന് ആദ്യ ഇലവനിൽ അവസരം നൽകിയാണ് കോണ്ടേ ടീമിനെ ഇറക്കിയത്. ഈ തീരുമാനം ശെരിവെക്കുന്ന പ്രകടനം നടത്തിയ യങ് 29 ആം മിനുട്ടിൽ തന്റെ ആദ്യ അസിസ്റ്റും സ്വന്തമാക്കി. ലൗറ്റാരോ മാർടീനസ് ആണ് ഹെഡറിലൂടെ ഗോൾ നേടിയത്. പക്ഷെ പിന്നീട് ലീഡ് ഉയർത്താതിരുന്നതിന്റെ ഫലം കളിയുടെ 78 ആം മിനുട്ടിൽ ഇന്റർ അനുഭവിച്ചു. മുൻ താരം റഡ്‌ജ നൈഗോലാൻ ഇന്റർ വല കുലുക്കിയതോടെ കളി സമനിലയിൽ ആയി. പിന്നീട് സാഞ്ചസിനെ അടക്കം ഇറക്കി ഇന്റർ വിജയ ഗോളിനായി ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. കളിയുടെ 94 ആം മിനുട്ടിൽ മാർടീനസ് റഫറിയോട് തർക്കിച്ചു ചുവപ്പ് കാർഡ് കണ്ടതും ഇന്ററിന് തിരിച്ചടിയായി.