ജോസ് മൗറീഞ്ഞോക്ക് കനത്ത തിരിച്ചടിയായി മാറിയ ഹാരി കെയ്നിന്റെ പരിക്ക് കൂടുതൽ സങ്കീർണമാകുന്നു. പരിക്കേറ്റ താരം ശസ്ത്രക്രിയക്ക് വിധേയനാകും. ഇതോടെ ഏപ്രിൽ മാസത്തിൽ മാത്രമാകും താരത്തിന് തിരികെ പരിശീലനത്തിൽ മടങ്ങി എത്താൻ സാധിക്കുക.
പ്രീമിയർ ലീഗിൽ ആദ്യ നാലിൽ ഇടം നേടാനുള്ള മൗറീഞ്ഞോയുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഇത്. കൂടാതെ ചാമ്പ്യൻസ് ലീഗ് നോകൗട്ട് മത്സരങ്ങൾക്കും താരം ഉണ്ടാവില്ല എന്നത് ഇരട്ട പ്രഹരമാണ്. സൗത്താംപ്ടന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിന് ഇടയിലാണ് താരത്തിന് കാലിൽ പരിക്ക് പറ്റിയത്. കെയ്ൻ മൂന്ന് മാസം പുറത്താണ് എന്ന് ഉറപ്പായതോടെ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ സ്പർസ് ഒരു സ്‌ട്രൈക്കറെ ടീമിൽ എത്തിക്കാനുള്ള സാധ്യതയും വർധിച്ചു.