റോറി ബാൺസിനും പരിക്ക്, ഇംഗ്ലണ്ട് പ്രതിസന്ധിയിൽ

Staff Reporter

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ താരങ്ങളുടെ പരിക്കും ആരോഗ്യ പ്രശ്നങ്ങളും കൊണ്ട് വലയുന്ന ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടി. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ ആയിരുന്ന ഓപണർ റോറി ബാൺസിന് പരിക്ക്. ഇതോടെ പരമ്പരയിൽ ഇനി നടക്കുന്ന മത്സരങ്ങളിൽ താരത്തിന് കളിക്കാനാവില്ല.

പരിശീലനത്തിനിടെ ഫുട്ബോൾ കളിക്കുമ്പോൾ താരത്തിന്റെ ഇടത് ആംഗിളിനേറ്റ പരിക്കാണ് തിരിച്ചടിയായത്. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ആണ് താരത്തിന്റെ പരിക്ക് സ്ഥിരീകരിച്ചത്. താരം തുടർ ചികിത്സകൾക്കായി ഇംഗ്ലണ്ടിലേക്ക് മടങ്ങിയിട്ടുണ്ട്. താരത്തിന് പകരമായി സാക് ക്രൗളി ടീമിൽ ഇടം നേടുമെന്നാണ് കരുതപ്പെടുന്നത്. ദക്ഷിണാഫ്രിക്കയിൽ എത്തിയത് മുതൽ ടീമിനെ മൊത്തം ബാധിച്ച അസുഖത്തിൽ നിന്ന് ടീം കരകയറുന്നതിനിടെയാണ് പരിക്ക് ടീമിന് തിരിച്ചടിയാവുന്നത്.