ലാ ലീഗ ക്ലബ്ബായ ബാഴ്സലോണയോട് ഇടഞ്ഞ് വിദാൽ. തനിക്ക് തരാനുള്ള 2.4 മില്ല്യൺ യൂറോയുടെ ബോണസ് നൽകാതെ ബാഴ്സ അപമാനിക്കുകയാണെന്ന് ബാഴ്സയുടെ ചിലിയൻ താരം അർട്ടുറോ വിദാൽ പറഞ്ഞു. ഇതിനെതിരെ പ്ലേയേഴ്സ് അസോസിയേഷനിൽ പരാതിപ്പെടുകയും നിയമപരമായി നേരിടാനുമാണ് വിദാൽ ഒരുങ്ങുന്നത്. എന്നാൽ വിദാൽ തന്റെ കോണ്ട്രാക്റ്റിനെ വളച്ചൊടിച്ചാണ് ക്ലബ്ബിനെതിരെ തിരിയുന്നതെന്നാണ് ബാഴ്സലോണ മറുപടി.
അതേ സമയം ജനുവരിയിൽ ഇന്റർ മിലാനിലേക്ക് കടക്കാൻ വേണ്ടിയാണ് ഇത്തരമൊരു ആരോപണവുമായി വിദാൽ രംഗത്ത് വരുന്നതെന്നാണ് ചില സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാഴ്സയുമായുള്ള വിവാദം കാരണം കുറഞ്ഞ തുകയിൽ ഇന്റർ മിലാനിലേക്ക് പോവാനാണ് വിദാൽ ട്രാൻസ്ഫർ ഫോഴ്സ് ചെയ്യുന്നത് എന്നും അവർ പറയുന്നു. ബയേൺ മ്യുണിക്കിൽ നിന്നാണ് ബാഴ്സയിലേക്ക് വിദാൽ എത്തുന്നത്. അതിനു മുൻപ് അന്റോണിയോ കോണ്ടേക്ക് കീഴിൽ യുവന്റസിന്റെ താരമായിരുന്നു വിദാൽ. കോണ്ടേ ഇന്റർ മിലാനിൽ എത്തിയതിന് പിന്നാലെ തന്നെ വിദാലിന്റെ ട്രാൻസ്ഫർ ന്യൂസുകളും വന്നിരുന്നു.