ആൻഫീൽഡിൽ ചാമ്പ്യന്മാർ വീണു, കിരീട പോരാട്ടത്തിൽ കരുത്ത് കൂട്ടി ലിവർപൂൾ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ആൻഫീൽഡിൽ ലിവർപൂളിന്റെ ആക്രമണത്തിന് മുന്നിൽ മുട്ട് മടക്കിയ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി. ഒന്നിനെതിരെ 3 ഗോളുകൾ സിറ്റി വലയിൽ കയറ്റിയ ലിവർപൂൾ ജയതോടൊപ്പം ഒന്നാം സ്ഥാനത്തെ ലീഡ് 8 പോയിന്റായി ഉയർത്തി. നിലവിൽ 34 പോയിന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ 26 പോയിന്റുള്ള ലെസ്റ്റർ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഇത്ര തന്നെ പോയിന്റുള്ള ചെൽസി മൂന്നാം സ്ഥാനത്തും 24 പോയിന്റുള്ള സിറ്റി നാലാം സ്ഥാനത്തുമാണ്‌.

കളിയുടെ തുടക്കത്തിൽ തന്നെ ഗോൾ പിറന്നെങ്കിലും വിവാദവും ഉണ്ടായിരുന്നു. ലിവർപൂൾ ബോക്‌സിൽ അലക്‌സാണ്ടർ അർണോൾഡ് പന്ത് കൈകൊണ്ട് തടുത്തതിന് സിറ്റി താരങ്ങൾ പെനാൽറ്റി ആവശ്യപെട്ടെങ്കിലും റഫറി നൽകിയില്ല. ഉടൻ കൗണ്ടർ അറ്റാക്കിന് ഒടുവിൽ ബോക്സിന് പുറത്ത് നിന്നുള്ള കരുത്തൻ ഷോട്ടിലൂടെ ഫാബിഞ്ഞോ പന്ത് സിറ്റി വലയിലാക്കി. റിപ്ലെകളിൽ സിറ്റിക്ക് ഹാൻഡ് ബോളിൽ പെനാൽറ്റി ആർഹിച്ചിരുന്നെങ്കിലും VAR ലിവർപൂളിന് ഗോൾ നൽകാൻ തീരുമാനിച്ചു. വാങ്ങിയ ഗോളിന്റെ ക്ഷീണം തീരും മുൻപ് 13 ആം മിനുട്ടിൽ ലിവർപൂളിന്റെ രണ്ടാം ഗോളും സിറ്റി വലയിൽ പതിച്ചു. ഇത്തവണ മുഹമ്മദ് സലായാണ് ഹെഡറിലൂടെ സിറ്റി വല കുലുക്കിയത്. പിന്നീട് അഞ്ജലിനോ പോസ്റ്റിൽ തട്ടിയ ഒരു ഷോട്ട് നടത്തിയത് ഒഴിച്ചാൽ ആദ്യ പകുതിയിൽ സിറ്റിക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.

രണ്ടാം പകുതിയിൽ തിരികെ എത്താം എന്ന സിറ്റി പ്രതീക്ഷകളെ മുളയിലേ നുള്ളിയാണി ലിവർപൂൾ രണ്ടാം പകുതി തുടങ്ങിയത്. 51 ആം മിനുട്ടിൽ ഹെൻഡേഴ്സന്റെ ക്രോസ് വലയിലാക്കി മാനെ മൂന്നാം ഗോളും നേടിയതോടെ സിറ്റി പരാജയം ഉറപ്പാക്കി. കളിയുടെ 78 ആം മിനുട്ടിൽ ബെർനാടോ സിൽവയുടെ ഗോളിൽ സിറ്റി മത്സരത്തിലേക്ക് മടങ്ങി എത്താൻ ശ്രമിച്ചെങ്കിലും പിന്നീട് ലിവർപൂൾ പ്രതിരോധം മറികടക്കാൻ അവർക്കായില്ല.