പ്രീമിയർ ലീഗ് ക്ലബായ വാറ്റ്ഫോർഡ് അവസാനം ഒരു വിജയം സ്വന്തമാക്കി. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ നോർവിച് സിറ്റിയെ പരാജയപ്പെടുത്തിയാണ് വാറ്റ്ഫോർഡ് ലീഗിലെ ആദ്യ ജയം സ്വന്തമാക്കിയത്. ഇതിനു മുമ്പ് നടന്ന 11 ലീഗ് മത്സരങ്ങളും വിജയിക്കാൻ വാറ്റ്ഫോർഡിനായിരുന്നില്ല. മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു നോർവിചിനെതിരായ വിജയം.
കളിയുൽ അവസാന 25 മിനുട്ടോളം 10 പേരുമായി കളിക്കേണ്ടി വന്നിട്ടും ജയം സ്വന്തമാക്കാൻ വാറ്റ്ഫോർഡിനായി. കളിയുടെ രണ്ടാം മിനുട്ടിൽ ഡെലഫേയു ആയിരുന്നു വാറ്റ്ഫോർഡിന്റെ ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഗ്രേയിലൂടെ വാറ്റ്ഫോർഡ് രണ്ടാം ഗോളും നേടി. ഡെലഫേയു ആയിരുന്നു ആ ഗോൾ ഒരുക്കിയത്. 65ആം മിനുട്ടിൽ കബസെലെ ആണ് വാറ്റ്ഫോർഡ് നിരയിൽ നിന്ന് ചുവപ്പ് കണ്ട് പുറത്തു പോയത്. ഈ വിജയത്തോടെ വാറ്റ്ഫോർഡിന് 8 പോയന്റായി. ഏഴു പോയന്റ് മാത്രമുള്ള നോർവിച് ഇതോടെ ലീഗിൽ അവസാന സ്ഥാനത്തേക്ക് താഴുകയും ചെയ്തു.