മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി ഇന്ന് ചുമതലയേൽക്കും. 33 മാസത്തെ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർസിന്റെ ഭരണം അവസാനിപ്പിച്ചുകൊണ്ടാണ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റാവുന്നത്. ബി.സി.സി.ഐയുടെ പ്രസിഡന്റാവുന്ന 39മത്തെ ആളാണ് സൗരവ് ഗാംഗുലി. ബി.സി.സി.ഐയുമായി ബന്ധപ്പെട്ട് ആറ് വർഷമായി പ്രവർത്തിക്കുന്നത്കൊണ്ട് തന്നെ ഗാംഗുലി പ്രസിഡന്റായി അടുത്ത ജൂലൈ വരെ മാത്രമാണ് നിൽക്കാനാവുക.
എതിരില്ലാതെയാണ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് ഗാംഗുലി ബി.സി.സി.ഐ നേതൃസ്ഥാനത്ത് എത്തുന്നത്. കേന്ദ്ര മന്ത്രി അമിത് ഷായുടെ മകൻ ജെയ് ഷാ ആണ് ബി.സി.സി.ഐ സെക്രട്ടറി. ഉത്തരാഖണ്ഡിൽ നിന്നുള്ള മഹിമ വർമയാണ് പ്രസിഡണ്ട്. കൂടാതെ അരുൺ ദുമൽ ട്രെഷററും കേരളത്തിൽ നിന്നുള്ള ജയേഷ് ജോർജ് ജോയിന്റ് സെക്രട്ടറിയുമാണ്.