പ്രീമിയർ ലീഗിൽ അപ്രതീക്ഷിതമായി പരിശീലക സ്ഥാനം തെറിച്ച ഗാർസിയ വാറ്റ്ഫോർഡ് ക്ലബിന്റെ തീരുമാനം തന്നെ തീർത്തും അത്ഭുതപ്പെടുത്തി എന്ന് പറഞ്ഞു. വാറ്റ്ഫോർഡ് പരിശീലകൻ ആയ ഗാർസിയയെ വെറും നാലു മത്സരങ്ങൾ കൊണ്ടാണ് ക്ലബ് പുറത്താക്കിയത്. ഈ സീസണിൽ പ്രീമിയർ ലീഗിൽ ഒരു മത്സരവും വിജയിച്ചിട്ടില്ല എന്നതിനാലാണ് ഗാർസിയയെ പുറത്താക്കിയത്. എന്നാൽ വാറ്റ്ഫോർഡിന് അവരുടെ ചരിത്രത്തിലെ ഏറ്റവും നല്ല സീസൺ നൽകിയ തന്നെ ഇത്ര പെട്ടെന്ന് പുറത്താക്കിയത് വിശ്വസിക്കാൻ ആവുന്നില്ല എന്ന് ഗാർസിയ പറഞ്ഞു.
എങ്കിലും ടീമിന് എല്ലാവിധ ആശംസകളും നേരുന്നു. വാറ്റ്ഫോർഡിനെ പോലെ ഒരു ക്ലബിനെ പരിശീലിപ്പിക്കാൻ അവസരം തന്ന മാണെജ്മെന്റിനും തനിക്ക് പിന്തുണ നൽകിയ ആരാധകർക്കും നന്ദി പറയാനും ഗാർസിയ മറന്നില്ല. കഴിഞ്ഞ സീസണിലെ എഫ് എ കപ്പ് ഫൈനൽ തന്റെ കരിയറിലെ മികച്ച ഒരു ഓർമ്മയായിരിക്കും എന്നും ഗാർസിയ പറഞ്ഞു. കഴിഞ്ഞ സീസണിൽ ആയിരുന്നു ഗാർസിയ വാറ്റ്ഫോർഡിന്റെ ചുമതലയേറ്റത്. ആദ്യ സീസണിൽ തന്നെ വാറ്റ്ഫോർഡിനെ വലിയ ടീമാക്കി മാറ്റാൻ ഗാർസിയക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ വാറ്റ്ഫോർഡിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പോയന്റ് എന്ന നേട്ടത്തിൽ ഗാർസിയ ക്ലബിനെ എത്തിച്ചിരുന്നു. ഒപ്പം എഫ് എ കപ്പ് ഫൈനലിലും ഗാർസിയ വാറ്റ്ഫോർഡിനെ എത്തിച്ചിരുന്നു.