ടി20യില്‍ നിന്ന് വിരമിച്ച് മിത്താലി രാജ്

Sports Correspondent

ഇന്ത്യയുടെ സീനിയര്‍ വനിത ക്രിക്കറ്റ് താരം മിത്താലി രാജ് ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ആദ്യത്തെ ടി20 ക്യാപ്റ്റനായി 2006ല്‍ ചുമതലയേറ്റ താരം 89 മത്സരങ്ങളില്‍ നിന്നായി 2364 റണ്‍സ് നേടിയിട്ടുണ്ട്. ഒരിന്ത്യന്‍ താരം നേടുന്ന ഏറ്റവും അധികം റണ്‍സ് കൂടിയാണ് ഇത്. 32 മത്സരങ്ങളില്‍ മിത്താലി ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഇതില്‍ 2012, 2014, 2016 ലോകകപ്പുകളും ഉള്‍പ്പെടുന്നു.

ഇംഗ്ലണ്ടിനെതിരെയായിരുന്നു താരത്തിന്റെ അവസാന ടി20 മത്സരം. അന്ന് 32 പന്തില്‍ നിന്ന് 30 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു താരം. 2000ലധികം റണ്‍സ് നേടിയ ഏക ഇന്ത്യന്‍ താരമെന്ന ബഹുമതിയുള്ള മിത്താലി നിലവില്‍ ടി20 റണ്‍സില്‍ ആറാം സ്ഥാനത്താണ്. സൂസി ബെയ്റ്റ്സ്, സ്റ്റെഫാനി ടെയിലര്‍, ചാര്‍ലട്ട് എഡ്വേര്‍ഡ്സ്, മെഗ് ലാന്നിംഗ്, ഡിയാന്‍ഡ്ര ഡോട്ടിന്‍ എന്നിവരാണ് പട്ടികയില്‍ മിത്താലിയ്ക്ക് മുന്നിലുള്ളത്.

ഇന്ത്യയ്ക്കായി ഏറ്റവും അധികം ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള രണ്ടാമത്തെ താരമാണ് മിത്താലി രാജ്. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ ആണ് 96 മത്സരങ്ങളുമായി ഒന്നാം സ്ഥാനത്ത്.