മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍ ഈ ലോകകപ്പില്‍ സെമി ഫൈനലില്‍ കടക്കുന്ന ടീമുകളെ പ്രവചിച്ചു. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാണ്ട് എന്നിവരെ മുന്‍ പന്തിയിലുള്ളവരായി ഗംഭീര്‍ തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യയയാണ് ഗംഭീറിന്റെ നാലാമത്തെ സെമി സ്ഥാനക്കാര്‍. എന്നാല്‍ ഇന്ത്യ സെമിയില്‍ എത്തണമെങ്കില്‍ വിരാട് കോഹ്ലി തന്റെ പതിവ് തീവ്രതയില്‍ ബാറ്റ് വീശണമെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.
നിലവിലെ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ തുണയ്ക്കുന്നത് കോച്ച് ജസ്റ്റിന് ലാംഗറുടെ മാന്‍ മാനേജ്മെന്റ് സ്കില്ലുകളാണെന്ന് ഗംഭീര്‍ പറഞ്ഞു. താന്‍ ഓസ്ട്രേലിയയില്‍ പരിശീലനത്തിനായി പോയപ്പോള്‍ ഇത് തനിയ്ക്ക് മനസ്സിലായതാണെന്നും ഗംഭീര്‍ പറഞ്ഞു. ഇംഗ്ലണ്ട് സ്വാഭാവികമായി മുന്‍ നിരയിലുള്ള ടീമാണ്, അവരുടെ അടുത്ത കാലത്തുള്ള ഫോമും നാട്ടിലെ സാഹചര്യങ്ങളും അവരെ തുണയ്ക്കുമെന്നും ഗംഭീര്‍ പറഞ്ഞു.
ന്യൂസിലാണ്ടാവും ഈ ലോകകപ്പിലെ കറുത്ത കുതിരകളെന്നും ലോകകപ്പ് സെമിയില്‍ അവര്‍ കടക്കുമെന്നും താരം വ്യക്തമാക്കി. 2015ല്‍ ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെയ ഒഴികെയുള്ള എല്ലാ മത്സരങ്ങളിലും ജയിച്ച ന്യൂസിലാണ്ട് സമാനമായ ഫോം ലോകകപ്പിലും നിലനിര്‍ത്തുമെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. അതേ സമയം അഫ്ഗാനിസ്ഥാന് വമ്പന്മാര്ക്ക് മുന്നില്‍ അധികം പിടിച്ച് നില്‍ക്കാനാകില്ലെന്നും ക്രിക്കറ്റിലെ കുഞ്ഞന്മാര് തന്നെയാണ് അവരെന്നും ഗംഭിര്‍ പറഞ്ഞു.