ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീട പോരാട്ടം പോലെ തന്നെ പ്രവചിക്കാൻ ആവാത്ത വിധത്തിലാണ് പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരും. ഇന്ന് ഹഡേഴ്സ് ഫീൽഡിനെതിരായ മത്സരത്തോടെ ലിവർപൂൾ താരം സലായ്ക്ക് നേരിയ മുൻ തൂക്കം ലഭിച്ചു എങ്കിലും ആര് ഗോൾഡൻ ബൂട്ട് കൊണ്ടു പോകും എന്ന് ഇപ്പോഴും പ്രവചിക്കാൻ ആവില്ല.
കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് റെക്കോർഡായ 32 ഗോളുകൾ നേടി ആയിരുന്നു സലാ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. ഈ സീസണിൽ ഇപ്പോൾ 21 ഗോളുകളുമായി സലാ തന്നെയാണ് മുന്നിൽ. പക്ഷെ പിറകിൽ ഒരു വൻ നിര തന്നെ ഉണ്ട്. സലായ്ക്ക് തൊട്ടു പിറകിൽ ഉള്ളത് ലിർപൂളിന്റെ തന്നെ താരമായ മാനെയാണ്. 20 ഗോളുകളാണ് മാനെയ്ക്ക് ഉള്ളത്. മികച്ച ഫോമിലുള്ള മാനെ തന്നെ ആയിരിക്കും സലായുടെ ഏറ്റവും വലിയ വെല്ലുവിളി.
മാനെയ്ക്ക് പിറകിൽ 19 ഗോളുകൾ വീതമുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ അഗ്വേറോയും ആഴ്സണലിന്റെ ഒബാമയങ്ങും ഉണ്ട്. ഇരുവർക്കും മൂന്ന് മത്സരങ്ങൾ ഇനി ശേഷിക്കുന്നുണ്ട്. സലായ്ക്ക് രണ്ട് മത്സരങ്ങൾ മാത്രമേ ഉള്ളൂ.
ഗോൾഡൻ ബൂട്ട്;
സലാ – 21 ഗോളുകൾ
മാനെ – 20 ഗോളുകൾ
ഒബാമയങ്ങ് – 19 ഗോളുകൾ
അഗ്വേറോ – 19 ഗോളുകൾ
സ്റ്റെർലിംഗ് – 17 ഗോളുകൾ
ഹാരികെയ്ൻ – 17 ഗോളുകൾ
ഹസാർഡ് – 16 ഗോളുകൾ