യൂറോപ്പ ലീഗിലെ എവേ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് സ്ലാവിയ പ്രാഗിനെ പരാജയപ്പെടുത്തി ചെൽസി. രണ്ടാം പകുതിയുടെ അവസാന മിനുറ്റുകളിൽ വില്യന്റെ ക്രോസിൽ നിന്ന് മാർക്കോസ് അലോൺസോ നേടിയ ഗോളാണ് ചെൽസിക്ക് തുണയായത്. എവേ ഗ്രൗണ്ടിൽ ജയിച്ചതോടെ ചെൽസി യൂറോപ്പ ലീഗ് സെമി ഫൈനൽ സാധ്യത സജീവമാക്കി. രണ്ടാം പാദ മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ പരാജയം ഒഴിവാക്കിയാൽ ചെൽസിക്ക് സെമി ഉറപ്പിക്കാം.
പതിവ് പോലെ ചെൽസിയാണ് മത്സരത്തിൽ കൂടുതൽ പന്ത് കൈവശം വെച്ചതെങ്കിലും സ്ലാവിയ ഗോൾ കീപ്പർ കാര്യമായി പരീക്ഷിക്കാൻ ചെൽസിക്കയില്ല. തുടർന്ന് രണ്ടാം പകുതിയിൽ ചെൽസിക്ക് വേണ്ടി ഹസാർഡും കാന്റെയും ഇറങ്ങിയതോടെയാണ് ചെൽസി ഉണർന്ന് കളിച്ചത്. രണ്ടാം പകുതിയിൽ സ്ലാവിയ പ്രാഗും മികച്ച പ്രകടനം പുറത്തെടുത്തതോടെ ചെൽസി ഗോൾ കീപ്പർ അരിസബാലഗ പലപ്പോഴും പരീക്ഷിക്കപെട്ടു. തുടർന്നാണ് മത്സരം സമനിലയിൽ അവസാനിക്കുമെന്ന തോന്നിച്ച ഘട്ടത്തിലാണ് അലോൺസോയിലൂടെ ഗോൾ നേടി ചെൽസി മത്സരം കൈപിടിയിലൊതുക്കിയത്.