എംഎസ് ധോണി വിരമിച്ച ശേഷമാണ് തനിക്ക് ഇന്ത്യൻ ടീമിന് വേണ്ടി സ്ഥിരമായി കളിക്കുവാനുള്ള അവസരം ലഭിച്ചതെന്ന് പറഞ്ഞ് വൃദ്ധിമൻ സാഹ. എംഎസ് ധോണി ടീമിലുണ്ടായിരുന്നപ്പോൾ അദ്ദേഹമായിരിക്കും എല്ലാ മത്സരങ്ങളും കളിക്കുക എന്നത് ഏവർക്കും വ്യക്തമായി അറിയാവുന്ന കാര്യമായിരുന്നു. എന്നാൽ താൻ തന്റെ തയ്യാറെടുപ്പുകൾ തുടർന്ന് പോന്നുവെന്നും സാഹ പറഞ്ഞു.
തന്റെ അരങ്ങേറ്റ ടെസ്റ്റ് പോലും തനിക്ക് അവസാന നിമിഷം മാത്രമാണ് വിവരം ലഭിച്ചതെന്നും തന്നോട് ആദ്യം താൻ കളിക്കുന്നില്ലെന്നായിരുന്നു അറിയിച്ചതെന്നും സാഹ പറഞ്ഞു. 2010ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിരുന്നു വൃദ്ധിമൻ സാഹ തന്റെ അരങ്ങേറ്റം നടത്തിയത്. അതിന് ശേഷം എന്നും താൻ പരിശീലനം മുറയ്ക്ക് ചെയ്യുമായിരുന്നുവെന്നും അവസരം ലഭിയ്ക്കുമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
താൻ കളിക്കില്ല എന്ന് ഉറപ്പായ സന്ദർഭങ്ങളിലും അവസാന നിമിഷം കളിക്കേണ്ടി വന്നാലോ എന്ന് കരുതി താൻ എന്നും തയ്യാറെടുത്തിരുന്നുവെന്നും സാഹ പറഞ്ഞു. 2014 മുതലാണ് താൻ സ്ഥിരമായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുവാൻ തുടങ്ങിയതെന്നും മഹേന്ദ്ര സിംഗ് ധോണി റിട്ടയർ ചെയ്ത ശേഷം 2018 വരെ താൻ സ്ഥിരമായി കളിച്ചുവെന്നും സാഹ വ്യക്തമാക്കി.