മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചുറ്റി പറ്റിയുള്ള വിവാദങ്ങൾക്ക് അവസാനമില്ല. കളി തുടങ്ങാൻ വൈകിയതിന് യുവേഫ യൂണിറ്റഡിനെതിരെ നടപടി എടുക്കും എന്നതാണ് പുതിയ വാർത്ത. ഫോമില്ലാതെ വിഷമിക്കുന്ന ടീമിന് കൂടുതൽ സമ്മർദ്ദം നൽകുന്ന വാർത്തകളാണ് ഇതെല്ലാം.
ചാമ്പ്യൻസ് ലീഗിൽ വലൻസിയക്ക് എതിരായ മത്സരം യുണൈറ്റഡിന്റെ സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോഡിലാണ് നടന്നത്. പക്ഷെ ഹോട്ടലിൽ നിന്ന് ഓൾഡ് ട്രാഫോഡിൽ എത്താൻ യുണൈറ്റഡ് ടീം ബസ് വൈകിയതോടെ 5 മിനുറ്റ് വൈകിയാണ് മത്സരം കിക്കോഫ് നടന്നത്. ഇതോടെയാണ് യുണൈറ്റഡിന് എതിരെ നടപടിക്ക് യുവേഫ തയ്യാറെടുക്കുന്നത്.
പോലീസ് എസ്കോർട്ട് നൽകാൻ വിസമ്മതിച്ചതാണ് വൈകാൻ കാരണമെന്ന് യുണൈറ്റഡ് പരിശീലകൻ മൗറീഞ്ഞോ പറഞ്ഞെങ്കിലും കളിക്കാരുടെ സുരക്ഷയിൽ ഭീഷണി ഇല്ലാത്ത കാലത്തോളം പ്രത്യേക എസ്കോർട്ട് നൽകാനാവില്ല എന്നാണ് മാഞ്ചെസ്റ്റർ പോലീസിന്റെ വാദം.