ഗാബയിലെ ഗ്രീന്‍ ടോപ് പിച്ചില്‍ ബൗളര്‍മാര്‍ക്ക് തിളങ്ങാനാകുമെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ പ്രതീക്ഷകളെ തല്ലി തകര്‍ത്ത് ഗ്ലെന്‍ മാക്സ്വെല്ലും മാര്‍ക്കസ് സ്റ്റോയിനിസും. ഇരു താരങ്ങളും തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍. 158 റണ്‍സാണ് 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ ആതിഥേയര്‍ 17 ഓവറില്‍ നിന്ന് നേടിയത്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയ ലക്ഷ്യം 174 റണ്‍സായി പുനഃക്രമീകരിക്കുകയായിരുന്നു.
ഡാര്‍സി ഷോര്‍ട്ടിനെ തുടക്കത്തില്‍ നഷ്ടമായ ശേഷം തിരിച്ചുവരവ് നടത്തിയ ഓസീസ് നിരയിലെ ആരോണ്‍ ഫിഞ്ചിനെയും(27) ക്രിസ് ലിന്നിനെയും(37) പുറത്താക്കി കുല്‍ദീപ് യാദവ് ഇന്ത്യയ്ക്ക് അനുകൂലമാക്കി മത്സരത്തെ മാറ്റിയെങ്കിലും തുടര്‍ന്ന് മാക്സ്വെല്ലും സ്റ്റോയിനിസും മത്സരത്തെ മാറ്റി മറിച്ചു.
78 റണ്‍സാണ് നാലാം വിക്കറ്റില്‍ നിന്ന് ഇരുവരും നേടിയത്. എന്നാല്‍ 16.1 ഓവറില്‍ മഴ വില്ലനായി എത്തിയ ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്നിംഗ്സ് 17 ഓവറാക്കി ചുരുക്കി. മത്സരം പുനരാരംഭിച്ച ആദ്യ പന്തില്‍ തന്നെ ഗ്ലെന്‍ മാക്സ്വെല്‍ 46 റണ്‍സ് നേടി പുറത്തായി. 24 പന്തുകളാണ് ഗ്ലെന്‍ മാക്സ്വെല്‍ നേരിട്ടത്.
അഞ്ച് പന്തുകള്‍ക്ക് ശേഷം ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 158 റണ്‍സാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ ടീം നേടിയത്. മാര്‍ക്കസ് സ്റ്റോയിനിസ് 33 റണ്‍സ് നേടി പുറത്താകാതെ നിന്നു. 19 പന്തില്‍ നിന്നാണ് സ്റ്റോയിനിസിന്റെ പ്രകടനം.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് രണ്ടും ഖലീല്‍ അഹമ്മദ് ജസ്പ്രീത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റും നേടി.