52 വർഷത്തെ ഇടവേളക്ക് ശേഷം എഫ്.എ കപ്പ് ഫൈനൽ ഉറപ്പിച്ച് ലെസ്റ്റർ സിറ്റി. ഇന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ പൊരുതി നിന്ന സൗതാമ്പ്ടണെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ലെസ്റ്റർ സിറ്റി എഫ്.എ. കപ്പ് ഫൈനൽ ഉറപ്പിച്ചത്. ലെസ്റ്റർ സിറ്റിക്ക് വേണ്ടി മികച്ച ഫോം തുടരുന്ന ഇഹിനാചോ ആണ് മത്സരത്തിൽ വിജയം ഗോൾ നേടിയത്. അവസാന 7 മത്സരങ്ങളിൽ നിന്ന് ഇഹിനാചോവിന്റെ പത്താമത്തെ ഗോളായിരുന്നു ഇത്.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റ രണ്ടാം പകുതിയിലാണ് മത്സരത്തിന്റെ ഗതി നിർണയിച്ച ഗോൾ പിറന്നത്. ഗോൾ വഴങ്ങിയതോടെ സൗതാമ്പ്ടൺ ഉണർന്നു കളിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത് ലെസ്റ്റർ സിറ്റി വിജയം പിടിച്ചെടുക്കുകയായിരുന്നു. ലെസ്റ്റർ സിറ്റിക്കാവട്ടെ പകരക്കരനായി ഇറങ്ങിയ ജെയിംസ് മാഡിസണ് 2 സുവർണ്ണാവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. എഫ്.എ കപ്പ് ഫൈനലിൽ ചെൽസിയാണ് ലെസ്റ്റർ സിറ്റിയുടെ എതിരാളികൾ. മെയ് 15ന് വെംബ്ലിയിൽ വെച്ചാണ് എഫ്.എ കപ്പ് ഫൈനൽ.













