എസ്‌സി ഈസ്റ്റ് ബംഗാൾ ഒരു ഡിഫൻഡറെ കൂടെ സ്വന്തമാക്കി. മുൻ ലാസിയോ ഡിഫൻഡർ ഫ്രാഞ്ചോ പ്രിസിനെ ആണ് ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തിരിക്കുന്നത്. താരം ഒരു വർഷത്തെ കരാർ ഒപ്പുവെച്ചതായി ക്ലബ് പ്രഖ്യാപിച്ചു. സെന്റർ-ബാക്കായ പ്രിസ് ക്രൊയേഷ്യൻ ക്ലബ് NK സ്ലാവൻ ബെലൂപ്പോയിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഈസ്റ്റ് ബംഗാളിന്റെ മൂന്നാമത്തെ വിദേശ സൈനിംഗാണ് താരം. സ്ലോവേനിയൻ മിഡ്ഫീൽഡർ അമീർ ഡെർവിസെവിച്ച്, ഓസ്ട്രേലിയൻ ഡിഫൻഡർ ടോമിസ്ലാവ് മർസേല എന്നിവരാണ് നേരത്തെ തന്നെ ഈസ്റ്റ് ബംഗാളിൽ എത്തിയ വിദേശ താരങ്ങൾ.
2014 ൽ ഇറ്റാലിയൻ സീരി എ സൈഡ് ലാസിയോയുടെ യൂത്ത് ടീമിന്റെ ഭാഗമായിരുന്നു 25 കാരനായ പ്രിസ്. 2016 ൽ അവരുടെ ആദ്യ ടീമിൽ എത്തി ടോറിനോയ്‌ക്കെതിരെ ടോപ്പ് ഡിവിഷനിൽ അരങ്ങേറ്റം കുറിച്ചു. 2018 വരെ അദ്ദേഹം ലാസിയോയോടൊപ്പമുണ്ടായിരുന്നു, ആ കാലയളവിൽ ബ്രെസിയ, യുഎസ് സലെർനിറ്റാന എന്നിവരോടൊപ്പം ലോണിലും കളിച്ചു.