ചെൽസി പരിശീലകൻ മൗറിസിയോ സാരിക്ക് ഏഴ് ലക്ഷം രൂപയോളം പിഴയിട്ട് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. കഴിഞ്ഞ ആഴ്ച ബേൺലിക്കെതിരായ മത്സരത്തിൽ ഉണ്ടായ സംഭവ വികാസങ്ങളെ തുടർന്നാണ് ചെൽസി പരിശീലകന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പിഴയിട്ടത്. മത്സരത്തിന്റെ അവസാന ഘട്ടങ്ങളിൽ ഇരു ടീമുകളിലെയും കളിക്കാർ തമ്മിൽ തർക്കം ഉണ്ടായപ്പോൾ സാരി അതിൽ ഇടപെട്ടിരുന്നു. ഇതേ തുടർന്ന് റഫറി സാരിയെ ഗാലറിയിലേക്ക് പറഞ്ഞയക്കുകയും ചെയ്തിരുന്നു.
ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ നൽകിയ കുറ്റപത്രം സാരി അംഗീകരിക്കുകയും തെറ്റ് സമ്മതിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പിഴ വിധിച്ചത്. കുറ്റം സമ്മതിച്ചോടെ സാരിക്ക് പിഴ മാത്രം നൽകിയാൽ മതിയെന്ന് എഫ്.എ തീരുമാനിക്കുകയായിരുന്നു. മത്സരത്തിനിടെ ബേൺലി പരിശീലക സ്റ്റാഫിൽ പെട്ട ഒരാൾ സാരിയോട് മോശമായി പെരുമാറിയെന്ന് ചെൽസി സഹ പരിശീലകൻ സോള ആരോപിച്ചിരുന്നു.എന്നാൽ ഇരു ടീമുകളും വ്യത്യസ്ത പ്രസ്താവനകൾ ഇറക്കി പ്രശ്‌നം ഒത്തു തീർപ്പാക്കിയിരുന്നു.