ഐ.പി.എല്ലിന്റെ മുഖ്യ സ്പോൺസറാവാൻ അപേക്ഷ ക്ഷണിച്ച് ബി.സി.സി.ഐ

Staff Reporter

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സ്പോൺസർഷിപ്പിൽ നിന്ന് വിവോ പിന്മാറിയതിനെ പിന്നാലെ പുതിയ സ്‌പോൺസറെ തേടി ബി.സി.സി.ഐ. ഇതിനുള്ള ആദ്യ പടിയായി പുതിയ സ്പോൺസറാവാൻ ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മുഖ്യ സ്പോൺസറായിരുന്ന വിവോ പിന്മാറിയത്. 300 കോടിയിലധികം വിറ്റുവരവുള്ള കമ്പനികളിൽ നിന്നാണ് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചത്.

സെപ്റ്റംബർ 19 മുതൽ ഈ ഡിസംബർ 31 വരെയാവും ഈ സ്പോൺസർഷിപ്പിന്റെ കാലാവധി. ഓഗസ്റ്റ് 14ന് മുൻപ് അപേക്ഷ ബി.സി.സി.ഐക്ക് ലഭിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് ഓഗസ്റ്റ് 18ന് ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സ്‌പോൺസറെ ബി.സി.സി.ഐ പ്രഖ്യാപിക്കുകയും ചെയ്യും. ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിച്ചതോടെ യു.എ.ഇയിൽ വെച്ചാണ് ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുന്നത്. സെപ്റ്റംബർ 19ന് തുടങ്ങുന്ന ഐ.പി.എൽ നവംബർ 10ന് അവസാനിക്കും.