ദുബായ് ഓപ്പണിൽ കരിയറിലെ തന്റെ 20 കിരീടം ഉയർത്തി റൊമാനിയൻ താരം സിമോണ ഹാലപ്പ്. പരിക്ക് അലട്ടുന്നതിനാൽ അടുത്ത ആഴ്ച നടക്കാൻ ഇരുന്ന ദോഹ ഓപ്പണിൽ നിന്ന് പിന്മാറിയ ഒന്നാം സീഡ് കൂടിയായ ഹാലപ്പ് ഫൈനലിൽ കളിക്കാൻ തീരുമാനിക്കുക ആയിരുന്നു. ഫൈനലിൽ മികച്ച പോരാട്ടം തന്നെയാണ് 19 കാരിയായ എലേന റൈബകിന ഹാലപ്പിന് നൽകിയത്. ആദ്യ സെറ്റിൽ ഈ വർഷം മികച്ച ഫോമിലുള്ള എലേന ഹാലപ്പിൽ നിന്ന് 6-3 നു സെറ്റ് പിടിച്ചു എടുത്തപ്പോൾ കാണികൾ ഒരു അട്ടിമറി പ്രതീക്ഷിച്ചു.
എന്നാൽ എതിരാളിക്ക് അതെനാണയത്തിൽ മറുപടി നൽകുന്ന ഹാലപ്പിനെ ആണ് രണ്ടാം സെറ്റിൽ കണ്ടത്, ഇത്തവണ സെറ്റ് 6-3 നു ഹാലപ്പിന് സ്വന്തം. മൂന്നാം സെറ്റിൽ കിരീടം ലക്ഷ്യമിട്ട് ഇരു താരങ്ങളും വാശിയോടെ പൊരുതിയപ്പോൾ മത്സരം ആവേശ കൊടുമുടിയിൽ എത്തി. എന്നാൽ ടൈബ്രെക്കറിലേക്ക് നീണ്ട മത്സരത്തിൽ തനിക്ക് ലഭിച്ച ആദ്യ മാച്ച് പോയിന്റ് തന്നെ മുതലെടുത്ത ഹാലപ്പ് തന്റെ രണ്ടാം ദുബായ് ഓപ്പൺ കിരീടവും കരിയറിലെ 20 കിരീടവും ആഘോഷിച്ചു. ഇരു താരങ്ങളും ഏതാണ്ട് സമാസമം നിന്ന മത്സരത്തിൽ ഇരുവരും 4 തവണ വീതം ആണ് എതിരാളിയുടെ സർവീസുകൾ ബ്രൈക്ക് ചെയ്തത്.
കരിയറിൽ ഇത് മൂന്നാം തവണയാണ് ഹാലപ്പ് ഫൈനലിൽ ആദ്യ സെറ്റ് കൈവിട്ട ശേഷം വിജയിക്കുന്നത്. 2018 ലെ ഫ്രഞ്ച് ഓപ്പണിൽ അടക്കം സമാനമായ വിധം ആയിരുന്നു റൊമാനിയൻ താരം കിരീടം ഉയർത്തിയത്. നിലവിൽ കളിക്കുന്ന താരങ്ങളിൽ 20 കിരീടങ്ങൾ സ്വന്തമാക്കുന്ന ഏഴാമത്തെ താരം ആയി ഇതോടെ ഹാലപ്പ്. ആദ്യ മത്സരത്തിൽ മാച്ച് പോയിന്റ് രക്ഷിച്ച ശേഷം ടൂർണമെന്റിൽ ഫോമിലേക്ക് ഉയർന്ന ഹാലപ്പിന് ഈ ജയം ഇരട്ടിമധുരം ആയി. അതേസമയം തോറ്റു എങ്കിലും മികച്ച പോരാട്ടം നടത്തിയതിൽ എലേനക്കും ആശ്വസിക്കാം.