നിലവിലെ സാഹചര്യത്തിൽ യു.എസ് ഓപ്പണിന് ആയി അമേരിക്കയിൽ പോവില്ലെന്നു റാഫേൽ നദാൽ

കൊറോണ വൈറസ് ഉണ്ടാക്കിയ നിലവിലെ സാഹചര്യത്തിൽ ജീവനും ആരോഗ്യവും പ്രധാനമാതിനാൽ തന്നെ യു.എസ് ഓപ്പണിനു ആയി പോലും അമേരിക്കയിലേക്ക് സഞ്ചരിക്കില്ലെന്നു വ്യക്തമാക്കി ലോക രണ്ടാം നമ്പർ താരമായ റാഫേൽ നദാൽ. ഇത് വരെയായിട്ടും പുരുഷ, വനിത വിഭാഗങ്ങളിൽ ടെന്നീസ് ടൂറുകൾ പുനരാരംഭിക്കാൻ ആയില്ലെങ്കിലും ഓഗസ്റ്റിൽ യു.എസ് ഓപ്പണും, സെപ്റ്റംബറിൽ ഫ്രഞ്ച് ഓപ്പണും നടത്താൻ ആണ് അധികൃതർ ശ്രമിക്കുന്നത്. ഈ വർഷത്തെ വിംബിൾഡൺ നേരത്തെ തന്നെ കൊറോണ മൂലം ഉപേക്ഷിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ടെന്നീസ് തിരിച്ചു വരുന്നതിൽ ആശങ്ക പങ്ക് വച്ച നദാൽ എല്ലാ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ ആവുമോ എന്ന സംശയവും പ്രകടിപ്പിച്ചു.

ശരിയായ സമയത്ത് വളരെ കടുത്ത നിയന്ത്രണങ്ങളും മുന്നൊരുക്കങ്ങളും നടത്തി മാത്രമേ യു.എസ് ഓപ്പൺ അടക്കമുള്ളത് നടത്താൻ സാധിക്കുകയുള്ളൂ എന്നു പറഞ്ഞ നദാൽ അങ്ങനെയല്ലെങ്കിൽ ടൂർണമെന്റ് നടത്തുന്നതിൽ ആർത്ഥമില്ലെന്നും പറഞ്ഞു. ഫുട്‌ബോൾ ലീഗുകൾ പോലെ ഒരു രാജ്യത്ത് മാത്രം നടക്കുന്ന ഒന്നല്ല ടെന്നീസ് എന്നതിനാൽ തന്നെ എല്ലാ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ഉൾക്കൊള്ളിക്കുമ്പോൾ അതിന്റെതായ പ്രശ്നങ്ങൾ അധികൃതർ ഉൾക്കൊള്ളണം എന്നും നദാൽ ആവശ്യപ്പെട്ടു. അതിനാൽ തന്നെ 100 ശതമാനം സുരക്ഷിതം എന്നു ഉറപ്പായ ശേഷം മാത്രം ടെന്നീസ് തിരിച്ചു വരുന്നത് ആവും നല്ലത് എന്നും നദാൽ പറഞ്ഞു.

നിലവിൽ ജൂലൈ 31 വരെ എ. ടി. പി, ഡബ്യു.ടി. എ ടൂർണമെന്റുകൾ നിർത്തി വച്ചിരിക്കുക ആണ്. നിലവിൽ താൻ ചെറിയ രീതിയിൽ ആണ് പരിശീലനം നടത്തുന്നത് എന്നു പറഞ്ഞ നദാൽ നിലവിലെ സാഹചര്യത്തിൽ ടെന്നീസ് പുനരാരംഭിക്കാൻ കുറച്ചു കൂടി സമയം എടുക്കുന്നത് നല്ലത് ആണെന്നും അഭിപ്രായപ്പെട്ടു. ലോകത്ത് നിരവധി ആളുകൾ കൊറോണ വൈറസ് മൂലം ബുദ്ധിമുട്ട് നേരിടുന്നതിനാൽ തന്നെ സമൂഹത്തിനു ആകെ മാതൃക ആവാൻ ടെന്നീസ് കുറച്ചു കൂടി കാലം കാത്തിരിക്കുന്നതിൽ ഒരു തെറ്റും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യത്ത് നിന്നും എല്ലാ താരങ്ങൾക്കും മത്സരിക്കാൻ ആവുന്ന വിധം ടെന്നീസ് പുനരാരംഭിക്കുന്നത് ആവും നല്ലത് എന്നും നദാൽ കൂട്ടിച്ചേർത്തു.