വിംബിൾഡൺ രണ്ടാം റൗണ്ടിലെ ആവേശ പോരാട്ടത്തിൽ പന്ത്രണ്ടാം സീഡ് 2 തവണ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ വിക്ടോറിയ അസരങ്കയെ തോൽപ്പിച്ചു റൊമാനിയൻ താരം സൊരന ക്രിസ്റ്റ്യെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. കോർട്ട് ഒന്നിൽ നടന്ന മത്സരം സമീപകാലത്തെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായി. ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പൊരുതിയ ഒന്നാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തി സെറ്റിനായി സർവീസ് ചെയ്യാൻ തുടങ്ങിയ അസരങ്കയെ ഞെട്ടിച്ചു തിരിച്ചു ബ്രൈക്ക് ചെയ്ത സൊരന സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. ടൈബ്രേക്കറിൽ സെറ്റ് കയ്യിലാക്കിയ റൊമാനിയൻ താരം മത്സരത്തിൽ ആധിപത്യം കണ്ടത്തി. എന്നാൽ രണ്ടാം സെറ്റിൽ തിരിച്ചടിച്ച അസരങ്ക സെറ്റ് 6-3 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. ഇരു താരങ്ങളും അസാധ്യ ടെന്നീസ് പുറത്ത് എടുത്തപ്പോൾ മൂന്നാം സെറ്റ് ആവേശത്തിലായി. ഒടുവിൽ 6-4 നു സെറ്റ് ജയിച്ച റൊമാനിയൻ താരം മത്സരം സ്വന്തം പേരിൽ കുറച്ചു അസരങ്കക്ക് മടക്ക ടിക്കറ്റ് നൽകി. മത്സരത്തിൽ 9 സർവീസ് ഇരട്ടപ്പിഴവുകൾ ആണ് അസരങ്ക വരുത്തിയത്. ഇരുവരും 5 വീതം ബ്രൈക്കുകളും കണ്ടത്തി. മൂന്നാം റൗണ്ടിൽ ബ്രിട്ടീഷ് യുവതാരം എമ്മ റാഡുകാനു ആണ് റൊമാനിയൻ താരത്തിന്റെ എതിരാളി.
അതേസമയം വീണ്ടും വമ്പൻ അട്ടിമറി കണ്ടപ്പോൾ മൂന്നാം സീഡ് ഉക്രൈൻ താരം എലീന സ്വിറ്റോലീന വിംബിൾഡൺ രണ്ടാം റൗണ്ടിൽ നിന്നു പുറത്തായി. 2019 വിംബിൾഡൺ സെമിഫൈനൽ കളിച്ച സ്വിറ്റോലീനയെ കരിയറിലെ ഏറ്റവും വലിയ ജയം കുറിച്ച പോളണ്ട് താരം മാഗ്ദ ലിനറ്റെയാണ് അട്ടിമറിച്ചത്. 6-3, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ലിനറ്റെ സ്വിറ്റോലീനയെ തകർത്തു. മൂന്നു തവണ സ്വിറ്റോലീനയെ ബ്രൈക്ക് ചെയ്ത പോളണ്ട് താരം കളിയിൽ എല്ലാ നിലക്കും ആധിപത്യം കാണിച്ചു. വിംബിൾഡണിൽ നിന്നു ആദ്യ റൗണ്ടുകളിൽ പുറത്ത് പോകുന്ന മറ്റൊരു ടോപ്പ് 10 താരം കൂടിയാണ് സ്വിറ്റോലീന. ഇതോടെ ഏതാണ്ട് ആർക്കും ജയിക്കാം എന്ന നിലയിൽ ആയി പതിവ് പോലെ വനിത വിഭാഗം. മൂന്നാം റൗണ്ടിൽ 30 സീഡ് സ്പാനിഷ് താരം പൗല പഡോസയെ ആണ് ലിനറ്റെ നേരിടുക. അതേസമയം 15 സീഡ് ഗ്രീസ് താരം മരിയ സക്കാരിയെ സീഡ് ചെയ്യാത്ത അമേരിക്കൻ താരം ഷെൽബി റോജേഴ്‌സ് അട്ടിമറിച്ചു. 7-5, 6-4 എന്ന സ്കോറിന് ആണ് ഷെൽബി ജയിച്ചത്.