അട്ടിമറികൾക്ക് ഇടയിലും ബാർട്ടി, ഗോഫ്, ക്രജികോവ, കെർബർ മുന്നോട്ട്

20210702 010426

വമ്പൻ താരങ്ങൾ വിംബിൾഡൺ ആദ്യ റൗണ്ടുകളിൽ പുറത്ത് പോവുമ്പോഴും രണ്ടാം റൗണ്ടിൽ അനായാസ ജയം കണ്ടു ഒന്നാം സീഡ് ഓസ്‌ട്രേലിയൻ താരം ആഷ് ബാർട്ടി. റഷ്യൻ താരം അന്ന ബ്ലിങ്കോവയെ 6-4, 6-3 എന്ന നേരിട്ടുള്ള സ്കോറിന് തകർത്താണ് ബാർട്ടി മൂന്നാം റൗണ്ട് ഉറപ്പിച്ചത്. 5 ഏസുകൾ ഉതിർത്ത ബാർട്ടി ഒമ്പതു തവണയാണ് സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയത്. മൂന്നു തവണ ബ്രൈക്ക് വഴങ്ങുകയും ചെയ്തു. എന്നാൽ എതിരാളിയെ 6 തവണ ബ്രൈക്ക് ചെയ്ത ഒന്നാം സീഡ് അനായാസ ജയം കണ്ടത്തി മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 25 സീഡ് ആയ മുൻ ജേതാവ് ആഞ്ചലി കെർബർ സാറ ടോർമയോട് മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ജയം കണ്ടത്. ഇരു താരങ്ങളും നന്നായി പൊരുതിയ മത്സരത്തിൽ 7 തവണ ബ്രൈക്ക് വഴങ്ങിയ കെർബർ 8 തവണ ബ്രൈക്ക് കണ്ടത്തി. 7-5, 5-7, 6-4 എന്ന സ്കോറിന് ആയിരുന്നു കെർബറിന്റെ ജയം.

വിംബിൾഡൺ സെന്റർ കോർട്ടിൽ ഇറങ്ങിയ 17 കാരിയായ അമേരിക്കൻ യുവ താരം കൊക്കോ ഗോഫ് പരിചയസമ്പന്നയായ റഷ്യൻ താരം എലീനക്ക് മേൽ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജയം കണ്ടത്. മത്സരത്തിൽ സമ്പൂർണ ആധിപത്യം പുലർത്തിയ ഗോഫ് 9 ഏസുകൾ ആണ് മത്സരത്തിൽ അടിച്ചത്. ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 4 ബ്രൈക്കുകൾ കണ്ടത്തിയ ഗോഫ് 6-4, 6-3 എന്ന സ്കോറിന് ജയം കണ്ടു മൂന്നാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു. ജർമ്മൻ താരം ആന്ദ്രയ പെറ്റികോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ചെക് താരവും നിലവിലെ ഫ്രഞ്ച് ഓപ്പൺ ജേതാവും ആയ 14 സീഡ് ബാർബോറ ക്രജികോവ തോൽപ്പിച്ചത്. 7-5, 6-4 എന്ന സ്കോറിന് ആയിരുന്നു ക്രജികോവയുടെ ജയം. 16 സീഡ് റഷ്യയുടെ അനസ്‌തേഷ്യ, 19 സീഡ് ചെക് താരം കരോലിന മുച്ചോവ എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.