മാച്ച് പോയിന്റുകൾ രക്ഷിച്ചു തിരിച്ചു വന്നു ഒസ്റ്റപെങ്കൊയെ അട്ടിമറിച്ചു മരിയ ആദ്യ ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലിൽ

Wasim Akram

20220703 200903

വിംബിൾഡണിൽ 12 സീഡ് ലാത്വിയൻ താരം യെലേന ഒസ്റ്റപെങ്കൊയെ അട്ടിമറിച്ചു സീഡ് ചെയ്യാത്ത ജർമ്മൻ താരം താത്‌ജാന മരിയ. രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ ശേഷം കഴിഞ്ഞ വർഷം മാത്രം ഇടവേളയ്ക്ക് ശേഷം തിരിച്ചു വന്ന അടുത്ത മാസം 35 വയസ്സ് ആവുന്ന ജർമ്മൻ താരത്തിന്റെ കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനൽ ആണ് ഇത്. മൂന്നു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിന് ഒടുവിൽ ആയിരുന്നു ജർമ്മൻ താരത്തിന്റെ ജയം. ആദ്യ സെറ്റിൽ കടുത്ത പോരാട്ടത്തിന് ഒടുവിൽ സെറ്റ് 7-5 നു മരിയ കൈവിട്ടു. രണ്ടാം സെറ്റിൽ തുടക്കത്തിൽ തന്നെ വലിയ ആധിപത്യം കണ്ടത്തിയ ഒസ്റ്റപെങ്കൊ ഒരു ഘട്ടത്തിൽ 4-1 നു മുന്നിൽ എത്തി.

20220703 201038

എന്നാൽ തിരിച്ചു വന്നു മരിയ. തുടർന്ന് രണ്ടാം സെറ്റിൽ 4-5 നും 15-40 നും പിറകിൽ നിൽക്കുമ്പോൾ രണ്ടു മാച്ച് പോയിന്റുകൾ ആണ് ജർമ്മൻ താരം രക്ഷിച്ചത്. തുടർന്ന് രണ്ടാം സെറ്റ് മരിയ 7-5 നു സ്വന്തമാക്കി. മൂന്നാം സെറ്റിൽ ആവട്ടെ തുടക്കത്തിൽ ബ്രൈക്ക് വഴങ്ങിയ താരം 2-0 നു പിറകിൽ നിന്നാണ് 7-5 നു ജയം പിടിച്ചെടുത്തു മത്സരം സ്വന്തം പേരിലാക്കി വിംബിൾഡൺ അവസാന എട്ടിലേക്ക് മുന്നേറിയത്. മത്സരത്തിൽ 9 ഏസുകൾ ഉതിർത്ത മരിയ 5 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 6 തവണയാണ് ബ്രൈക്ക് ചെയ്തത്. ഓപ്പൺ യുഗത്തിൽ 34 വയസ്സിനു ശേഷം വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തുന്ന ഏഴാമത്തെ മാത്രം താരമാണ് 103 റാങ്കുകാരിയായ മരിയ. സൊറിനെ ക്രിസ്റ്റി, മരിയ സക്കറി ഇപ്പോൾ ഒസ്റ്റപെങ്കൊ ഇങ്ങനെ അട്ടിമറി ശീലമാക്കിയാണ് മരിയ വിംബിൾഡൺ ക്വാർട്ടർ ഫൈനലിൽ എത്തിയത്.