ഫെഡറർ അടുത്ത കൊല്ലം വിരമിക്കും?

ഒരു തവണ കൂടി വിംബിൾഡൺ കളിക്കാൻ ആഗ്രഹിക്കുന്നു എന്നു ഫെഡറർ. ഇന്ന് സെന്റർ കോർട്ടിന്റെ നൂറാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഫെഡറർ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. മുൻകാല ചാമ്പ്യൻമാർ പങ്കെടുത്ത ചടങ്ങിൽ ബിബിസിയുടെ സ്യു ബാർക്കരുടെ ചോദ്യത്തിന് മറുപടിയായാണ് റോജർ ഇതു പറഞ്ഞത്.

വൻ ഹർഷാരവത്തോടെയാണ്‌ കാണികൾ ഫെഡററുടെ ഈ വാക്കുകൾ ശ്രവിച്ചത്. പക്ഷെ ടെന്നീസ് വിചക്ഷണർ ഈ പ്രഖ്യാപനത്തിന്റെ വരികൾക്ക് വീണ്ടും വീണ്ടും ചെവി കൊടുത്തു മറ്റൊരു സംശയം ഉയർത്തി. ഒരു തവണ കൂടി കളിക്കണം എന്ന ആഗ്രഹം എന്നു പറയുമ്പോൾ, അടുത്ത വർഷത്തോടെ ഫെഡറർ തന്റെ പ്രൊഫെഷണൽ കരിയർ ക അവസാനിപ്പിക്കുമോ?

40 വയസ്സായ റോജർ ഫെഡറർ ഇനി അധിക കാലം ടൂറിൽ ഉണ്ടാകില്ല എന്നു ടെന്നീസ് ആരാധകർക്ക് അറിയാവുന്ന കാര്യമാണ്. പക്ഷെ എന്നാകും വിരമിക്കുക എന്നു ഇതു വരെ ഫെഡറർ ആർക്കും ഒരു സൂചനയും നൽകിയിരുന്നില്ല. പരിക്ക് മൂലം ഒരു വർഷമായി കളിയിൽ നിന്ന് വിട്ടു നിന്ന ഫെഡറർ തിരിച്ചു വരാൻ തയ്യാറെടുക്കുന്നു എന്ന വാർത്ത നേരത്തെ വന്നിരുന്നു. ഒരു പക്ഷേ ഫെയർവെൽ ടൂറിനാകുമോ ടെന്നീസിലെ ഈ രാജകുമാരൻ തയ്യാറെടുക്കുന്നത്?