മത്സരം ഇന്നലെ മാറ്റിവച്ചതിനാൽ ഒരു ദിവസത്തെ കാത്തിരിപ്പിന് ഒടുവിൽ സെന്റർ കോർട്ടിനെ തേടി ആ സ്വപ്നസഖ്യത്തിന്റെ മത്സരം എത്തി. റോജർ ഫെഡററിന്റെ മത്സരത്തിന് പിന്നാലെ സെറീന മറെ സഖ്യം സെന്റർ കോർട്ടിൽ ഇറങ്ങും എന്ന പ്രഖ്യാപനം മുതലെ സെന്റർ കോർട്ടിൽ ആവേശം അലയടിച്ചു. ഡബിൾസ് മത്സരങ്ങൾക്ക് പതിവില്ലാത്ത വിധം കാണികൾ തിങ്ങി നിറഞ്ഞു ഗാലറി. തന്റെ കരിയറിലെ അവസാനം നാട്ടുകാർക്ക് മുന്നിൽ ഒരു കിരീടവുമായി, വിംബിൾഡൺ കിരീടവുമായി വിരമിക്കാൻ ഉറച്ച് ബ്രിട്ടന്റെ അഭിമാനവും മുമ്പ് 2 തവണ വിംബിൾഡൺ സിംഗിൾസ് കിരീടവും ഉയർത്തിയ ആന്റി മറെയും എക്കാലത്തെയും മഹത്തായ ടെന്നീസ് താരവും 6 തവണ വിംബിൾഡനിൽ ചുംബിച്ച സെറീന വില്യംസും തമ്മിലുള്ള ടീം സ്വപ്നസമാനമായിരുന്നു. ബ്രിട്ടീഷ്, അമേരിക്കൻ സഖ്യത്തിന് ആദ്യ റൗണ്ട് എതിരാളികൾ അലക്‌സ, ആന്ദ്രസ് സഖ്യം. സെന്റർ കോർട്ടിൽ കളിക്കുന്ന ആവേശത്തിൽ ആയിരുന്നു ഇരുവരും.
പലപ്പോഴും കാണികൾക്ക് വലിയ ആവേശവും ചിരി നിമിഷങ്ങളും പടർന്ന മത്സരത്തിൽ ആദ്യ സെറ്റ് 6-4 നു സ്വന്തമാക്കി സെറീന മറെ സഖ്യം. ഒരേ ദിവസം തന്റെ രണ്ടാം മത്സരം കളിക്കുന്നതിന്റെ ക്ഷീണം സെറീനയിലും പുത്തനുണർവ് മാറെയിലും കണ്ടപ്പോൾ രണ്ടാം സെറ്റ് തികച്ചും ഏകപക്ഷീയമായി. രണ്ടാം സെറ്റിൽ എതിരാളികളുടെ 3 സർവീസുകൾ ബ്രൈക്ക് ചെയ്ത മറെ സെറീന സഖ്യം വ്യക്തമായ ആധിപത്യത്തോടെ 6-1 നു രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കി. കിരീടം നേടി നാട്ടുകാർക്ക് മുന്നിൽ വിരമിക്കാനുള്ള മറെയുടെ സ്വപ്നം സഫലമാകുമോ എന്നു നമുക്ക് കാത്തിരുന്ന് തന്നെ കാണാം.
വനിതകളുടെ ഡബിൾസിൽ നടന്ന മറ്റൊരു മത്സരത്തിൽ നിലവിലെ ലോക ഒന്നാം നമ്പർ താരം ആഷ്ലി ബാർട്ടിയും മുൻ ലോക ഒന്നാം നമ്പർ താരമായ വിക്ടോറിയ അസരങ്കയും അടങ്ങിയ സഖ്യം മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. സെറീനയെ പോലെ ഇന്ന് തന്നെ തന്റെ രണ്ടാം മത്സരവും കളിച്ച ബാർട്ടി അസരങ്ക സഖ്യം നേരിട്ടുള്ള സെറ്റുകൾക്കാണ് തമാര, റബേക്ക സഖ്യത്തെ തോൽപ്പിച്ചത്. 1 മണിക്കൂർ നീണ്ട മത്സരത്തിൽ വനിത ഡബിൾസിൽ 10 സീഡായ ബാർട്ടി അസരങ്ക സഖ്യത്തിന്റെ ജയം 6-2, 6-3 എന്ന സ്കോറിനായിരുന്നു.