ചരിത്രം കുറിച്ച് റോജർ ഫെഡറർ, ഗ്രാന്റ് സ്‌ലാമിലെ 350 വിജയം.

പുരുഷന്മാരിലോ വനിതകളിലോ ഇത് വരെ ആരും എത്താത്ത ഉയരത്തിൽ റോജർ ഫെഡറർ. വിംബിൾഡൺ മൂന്നാം റൗണ്ടിൽ വിംബിൾഡനിലെ 98 ജയത്തിനൊപ്പം ഫെഡറർ നേടിയത്‌ ഗ്രാന്റ്‌ സ്‌ലാമിലെ 350 താമത്തെ ജയം. തന്റെ 9 വിംബിൾഡനും 21 ഗ്രാന്റ്‌ സ്‌ലാമും ലക്ഷ്യമിടുന്ന ഫെഡറർക്ക് മികച്ച പോരാട്ടം തന്നെയാണ് ഫ്രഞ്ച് താരം ലൂക്കാസ് പോളിയിൽ നിന്ന് നേരിടേണ്ടി വന്നത്. എങ്കിലും നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഫെഡററിന്റെ ജയം. വിംബിൾഡൺ മൂന്നാം റൗണ്ടിൽ ഒരിക്കലും തോറ്റിട്ടില്ലാത്ത റെക്കോർഡ് ഫെഡറർ നിലനിർത്തിയപ്പോൾ 27 സീഡ് ലൂക്കാസ് അടിയറവ് പറഞ്ഞു. ആദ്യ സെറ്റിൽ ലൂക്കാസിനെ നന്നായി ആക്രമിച്ച് കളിച്ച ഫെഡറർ നെറ്റ് പോയിന്റുകൾ ഒരുപാട് നേടി. ഇരു താരങ്ങളും നന്നായി സെർവ് ചെയ്ത സെറ്റിൽ ബ്രൈക്ക് പോയിന്റുകൾ രക്ഷപ്പെടുത്തി ലൂക്കാസിന്റെ അവസാന സർവീസിലെ പിഴവുകൾ മുതലെടുത്ത് ബ്രൈക്ക് നേടിയ ഫെഡറർ ആദ്യ സെറ്റ് 7-5 നു നേടി.

രണ്ടാം സെറ്റിൽ ലൂക്കാസിന്റെ ആദ്യ സർവീസ് തന്നെ ബ്രൈക്ക് ചെയ്ത ഫെഡറർ സെറ്റിൽ ആധിപത്യം നേടി. എന്നാൽ ഫെഡററിന്റെ സർവീസ് ബ്രൈക്ക് ചെയ്ത ലൂക്കാസ് താൻ കളിക്കാൻ ഉറച്ചാണെന്ന് വ്യക്തമാക്കിയെങ്കിലും വീണ്ടും രണ്ട് പ്രാവശ്യം കൂടി ലൂക്കാസിന്റെ സർവീസ് ബ്രൈക്ക് ചെയ്ത ഫെഡറർ രണ്ടാം സെറ്റ് 6-2 നു സ്വന്തമാക്കി. ഒന്നാം സെറ്റിൽ എന്ന പോലെ മൂന്നാം സെറ്റിലും ഇരു താരങ്ങളും നന്നായി സർവ് ചെയ്തപ്പോൾ മത്സരം കടുത്തു. പലപ്പോഴും അതിമനോഹരമായ ഫോർഹാന്റ് ഷോട്ടുകൾ ഉതിർത്ത ഫെഡറർ കണ്ണിന് കുളിർമയായി. ഏസുകളിലൂടെ മാച്ച് പോയിന്റ് രക്ഷിച്ചെടുത്ത ലൂക്കാസ് മത്സരം ടൈബ്രേക്കറിലേക്ക് നീട്ടി.

എന്നാൽ ടൈബ്രേക്കറിൽ മനോഹരമായി സർവീസ് ചെയ്ത ഫെഡറർ മൂന്നാം സെറ്റും മത്സരവും സ്വന്തം പേരിലാക്കി 17 പ്രാവശ്യം വിംബിൾഡൺ നാലാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു. തന്നെ ആരും എഴുതി തള്ളേണ്ട കാര്യമില്ല എന്ന വ്യക്തമായ സൂചനയാണ് ഫെഡറർ ഇന്ന് നൽകിയത്. 2 ടൈബ്രേക്കറുകൾ കണ്ട മറ്റൊരു മത്സരത്തിൽ അമേരിക്കയുടെ സാം കൂരേയും നാലാം റൗണ്ടിൽ പ്രവേശിച്ചു. ഓസ്‌ട്രേലിയൻ താരം ജോൺ മിൽമാനെതിരെ 7-6, 7-6, 6-3 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്കാണ് സാമിന്റെ ജയം. വനിതകളിൽ 9 സീഡ് സോളാന സ്റ്റീഫൻസിനെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ച് വന്ന് തോൽപ്പിച്ച ബ്രിട്ടീഷ് താരം ജൊഹാന കോന്റയും വിംബിൾഡൺ നാലാം റൗണ്ടിൽ എത്തി. 3-6, 6-4, 6-1 എന്ന സ്കോറിനായിരുന്നു 19 സീഡ് കോന്റയുടെ ജയം.

Previous articleഡി ലിറ്റിനായുള്ള അവസാന ശ്രമം, യുവന്റസ് പരിശീലകൻ സാരി താരത്തെ വിളിച്ചു
Next articleവിംബിൾഡനിൽ ആവേശം വിതറി സെറീന വില്യംസ്‌ ആന്റി മറെ സഖ്യം