തകർപ്പൻ പ്രകടനവുമായി മൂന്നാം റൗണ്ടിലേക്ക് മുന്നേറി റൂബ്ലേവ്, ഷ്വാർട്സ്മാനും മുന്നോട്ട്

20210701 021806

വിംബിൾഡണിൽ രണ്ടാം റൗണ്ടിൽ എതിരാളിക്ക് മേൽ സമ്പൂർണ ആധിപത്യ പ്രകടനവും ആയി റഷ്യയുടെ അഞ്ചാം സീഡ് ആന്ദ്ര റൂബ്ലേവ്. ദക്ഷിണാഫ്രിക്കൻ താരം ലോയിഡ് ഹാരിസിന് ഒരു ദയയും റഷ്യൻ യുവ താരത്തിൽ നിന്നുണ്ടായില്ല. 15 ഏസുകൾ ഉതിർത്ത ഹാരിസിന്റെ സർവീസുകൾ ആറു തവണയാണ് റൂബ്ലേവ് ബ്രൈക്ക് ചെയ്തത്. 6-1 നു ആദ്യ സെറ്റും 6-2 നു രണ്ടാം സെറ്റും നേടിയ റൂബ്ലേവ് മൂന്നാം സെറ്റിൽ ചെറിയ പോരാട്ടം നേരിട്ടെങ്കിലും 7-5 നു സെറ്റ് നേടി മൂന്നാം റൗണ്ട് ഉറപ്പിച്ചു. അതേസമയം ഡാനിഷ് താരം 12 സീഡ് കാസ്പർ റൂഡ് ആദ്യ റൗണ്ടിൽ പുറത്തായി. 5 സെറ്റ് പോരാട്ടത്തിൽ ഓസ്‌ട്രേലിയൻ താരം ജോർദാൻ തോംപ്സൻ ആണ് കാസ്പർ റൂഡിനെ വീഴ്ത്തിയത്. സ്‌കോർ : 7-6, 7-6, 2-6, 2-6, 6-2.

ബ്രിട്ടീഷ് താരം ലിയാം ബ്രോഡിയെ ആണ് ഒമ്പതാം സീഡ് അർജന്റീനൻ താരം ഡീഗോ ഷ്വാർട്സ്മാൻ രണ്ടാം റൗണ്ടിൽ മറികടന്നത്. ആതിഥേയ കാണികളുടെ പൂർണ പിന്തുണ ലഭിച്ച ബ്രോഡിക്ക് എതിരെ ആദ്യ സെറ്റ് 6-4 നു കൈവിട്ട ശേഷം ആയിരുന്നു അർജന്റീനൻ താരത്തിന്റെ തിരിച്ചു വരവ്. രണ്ടാം സെറ്റ് 6-2 നു നേടിയ അർജന്റീനൻ താരം പിന്നീട് ഒരവസരവും ബ്രിട്ടീഷ് താരത്തിന് നൽകിയില്ല. 6-1 നു മൂന്നും 6-4 നു നാലും സെറ്റുകൾ നേടിയ ഷ്വാർട്സ്മാൻ മത്സരം സ്വന്തം പേരിൽ കുറിച്ചു മൂന്നാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 4 സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ഷ്വാർട്സ്മാൻ 3 ബ്രൈക്കുകൾ വഴങ്ങിയെങ്കിലും 15 ബ്രൈക്ക് പോയിന്റുകൾ ആണ് രക്ഷിച്ചത്. അതേസമയം 8 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. ആദ്യ റൗണ്ടുകളിലെ മികവ് റൂബ്ലേവ് അടക്കമുള്ളവർക്ക് മുന്നോട്ട് പോവുമ്പോൾ നിലനിർത്താൻ ആവുമോ എന്നു കണ്ടറിയാം.