വിംബിൾഡൺ ആദ്യ റൗണ്ടിൽ ജയം കണ്ടു രണ്ടാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ്. അപകടകാരിയായ ജർമ്മൻ താരം ലനാർഡ് സ്ട്രഫിനെ നാലു സെറ്റ് പോരാട്ടത്തിൽ ആണ് മെദ്വദേവ് മറികടന്നത്. ആദ്യ രണ്ടു സെറ്റുകളിൽ എതിരാളിക്ക് മേൽ സമ്പൂർണ്ണ ആധിപത്യം മെദ്വദേവ് പുലർത്തി. ആദ്യ സെറ്റ് 6-4 നും രണ്ടാം സെറ്റ് 6-1 നും റഷ്യൻ താരം നേടി. എന്നാൽ മൂന്നാം സെറ്റിൽ തിരിച്ചടിച്ച ജർമ്മൻ താരം സെറ്റ് 6-4 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റിൽ കടുത്ത പോരാട്ടം കണ്ടപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിൽ പക്ഷെ ജയം പിടിച്ചെടുത്ത മെദ്വദേവ് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 15 ഏസുകൾ ഉതിർത്ത റഷ്യൻ താരം 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്യുകയും ചെയ്തു. ബ്രിട്ടീഷ് ഒന്നാം നമ്പറും 22 സീഡും ആയ ഡാൻ ഇവാൻസ് സ്പാനിഷ് താരം ലോപ്പസിന് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടു. സ്‌കോർ : 7-6, 6-2, 7-5.
ഒന്നാം റൗണ്ടിൽ തീർത്തും അനായാസ ജയം ആണ് നാലാം സീഡ് സാഷ സെരവ് നേടിയത്. ടാലോൻ ഗ്രിക്‌സ്പൂരിനെ 6-3, 6-4, 6-1 എന്ന സ്കോറിന് തകർത്തു സാഷ. മത്സരത്തിൽ 20 ഏസുകൾ ഉതിർത്ത സാഷ 7 തവണ ബ്രൈക്കുകളും കണ്ടത്തി. അതേസമയം യുവ ഇറ്റാലിയൻ താരം ലോറൻസോ മുസെറ്റി 14 സീഡ് ഹുമ്പർട്ട് ഹുർകാസിന് മുന്നിൽ വീണു. 6-4, 7-6, 6-1 എന്ന സ്കോറിന് ആണ് മുസെറ്റി വീണത്. ജർമ്മൻ താരം ഫിലിപ്പിന്റെ 5 സെറ്റ് പോരാട്ടം അതിജീവിച്ച പത്താം സീഡ് കാനഡയുടെ ഡെന്നിസ് ഷപോവലോവും രണ്ടാം റൗണ്ടിൽ എത്തി. 6-4, 4-6, 6-3, 5-7, 6-4 എന്ന സ്കോറിന് ആണ് ഷപോവലോവ് ജയിച്ചു കയറിയത്. അതേസമയം സീഡ് ചെയ്യാത്ത അമേരിക്കൻ താരം സെബാസ്റ്റ്യൻ കോർദ 15 സീഡ് അലക്‌സ് ഡി മിനോറിനെ അട്ടിമറിച്ചു. 6-3, 6-4, 6-7, 7-6 എന്ന സ്കോറിന് ആണ് ഓസ്‌ട്രേലിയൻ താരം ആദ്യ റൗണ്ടിൽ വീണത്.