ഉക്രൈയിനിന്റെ ജീവനും ആവേശവും എല്ലാം നിങ്ങളാണ് ആന്ദ്ര ഷെവ്ഷെങ്കോ!

Img 20210630 031013

ഉക്രൈൻ എന്ന മുൻ സോവിയറ്റ് യൂണിയന്റെ ഭാഗമായ പലപ്പോഴും സംഘർഷങ്ങൾ പതിവായ സാമ്പത്തിക ബുദ്ധിമുട്ട് തുടർക്കഥയായ രാഷ്ട്രത്തിനു ചിലപ്പോൾ ലഭിച്ച ഏറ്റവും വലിയ നായകൻ അത് ആന്ദ്ര ഷെവ്ഷെങ്കോ എന്ന അവരുടെ എക്കാലത്തെയും മഹാനായ താരം തന്നെയാവും. ഡൈനാമ കീവിനും, എ. സി മിലാനും, ചെൽസിക്കും ആയി ഗോൾ അടിച്ചു കൂട്ടിയ 2004 ൽ ലോക ഫുട്‌ബോളർ ആയി ബാലൻ ഡിയോർ നേടിയ ഷെവ്ഷെങ്കോ ഉക്രൈന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരൻ ആണ്. ഒപ്പം ബാലൻ ഡിയോർ നേടിയ ഏക ഉക്രൈൻ താരവും. 111 മത്സരങ്ങളിൽ നിന്നു 48 ഗോളുകൾ രാജ്യത്തിനു ആയി അടിച്ച ഷെവ്ഷെങ്കോ 2006 ലോകകപ്പിൽ അവരെ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് ക്വാർട്ടർ ഫൈനലിലും എത്തിച്ചു. അന്ന് പിന്നീട് ജേതാക്കൾ ആയ ഇറ്റലിക്ക് മുന്നിൽ ഉക്രൈൻ പോരാട്ടം അവസാനിച്ചു എങ്കിൽ ഇന്ന് അന്ന് നിർത്തിയ ഇടത്ത് നിന്നു പരിശീലകൻ ആയി ഷെവ്ഷെങ്കോ ഉക്രൈനെ ആദ്യമായി ഇരു യൂറോ കപ്പ് അവസാന എട്ടിൽ എത്തിച്ചിരിക്കുന്നു.

ഉക്രൈനായി കളത്തിൽ എല്ലാം നൽകി അവരുടെ ഏറ്റവും മഹാനായ താരം ആയ ശേഷം വിരമിച്ച ഷെവ്ഷെങ്കോ ഇടക്ക് രാഷ്ട്രീയത്തിൽ ഒരു കൈ നോക്കിയ ശേഷം ആണ് പരിശീലകൻ ആയി ഉക്രൈൻ ടീമിലേക്ക് തിരിച്ചു വരുന്നത്. 2016 ൽ ആദ്യം സഹ പരിശീലകൻ ആയി ടീമിൽ എത്തിയ ഷെവ്ഷെങ്കോ അധികം വൈകാതെ ആ വർഷം തന്നെ ഉക്രൈൻ പരിശീലക സ്ഥാനത്ത് എത്തി. വീണു കിടക്കുന്ന ഉക്രൈൻ ടീമിനെ കൈ പിടിച്ചു ഉയർത്തിയ ഷെവ്ഷെങ്കോ യൂറോ കപ്പ് യോഗ്യത ആണ് ലക്ഷ്യം വച്ചത്. കടുപ്പമുള്ള പ്രയാണത്തിന് ശേഷം യൂറോപ്യൻ ജേതാക്കൾ ആയ പോർച്ചുഗല്ലിനെ നാട്ടിൽ 2-1 നു തോൽപ്പിച്ചു ആണ് ഉക്രൈനു ഷെവ്ഷെങ്കോ യൂറോ കപ്പ് യോഗ്യത നേടുന്നത്. ആരെയും ഭയക്കാതെ പോരാടാൻ ഉറച്ചവർ ആണ് ഉക്രൈൻ എന്ന സൂചന ആദ്യ മത്സരത്തിൽ തന്നെ കണ്ടു. ഹോളണ്ടിനെതിരെ 3-2 നു തോറ്റ മത്സരത്തിൽ ഷെവ്ഷെങ്കോയുടെ ടീമിന്റെ പോരാട്ടവീര്യം ലോകത്തിനു മനസ്സിലായി.

തുടർന്ന് നോർത്ത് മാസഡോണിയക്ക് മേൽ നേടിയ ജയം മാത്രം ഗ്രൂപ്പിൽ കൂട്ടുണ്ടായ ഉക്രൈനു പോളണ്ടിനു എതിരെ സ്വീഡൻ അവസാന നിമിഷം നേടിയ വിജയഗോൾ മികച്ച മൂന്നാം സ്ഥാനക്കാർ ആയി പ്രീ ക്വാർട്ടർ പ്രവേശനം നൽകി. ടീമിനെ എല്ലാം നിലക്കും പ്രചോദിപ്പിക്കാൻ തനിക്ക് ആവുമെന്ന് ആദ്യ മിനിറ്റ് മുതൽ ഷെവ്ഷെങ്കോ കാണിച്ചു തന്നു. ഒപ്പം പരിശീലന തന്ത്രങ്ങളിലും പകരക്കാരെ ഇറക്കുന്നതിലും തന്റെ മികവ് ഷെവ്ഷെങ്കോ കാണിച്ചു. 116 മത്തെ മിനിറ്റിൽ ഷെവ്ഷെങ്കോ വരുത്തിയ മാറ്റം ആണ് 121 മത്തെ മിനിറ്റിൽ ഉക്രൈൻ നേടിയ ചരിത്ര ഗോൾ ആയി പരിഗണിച്ചത്. സ്വീഡന്റെ സഹായം കൊണ്ടു പ്രീ ക്വാർട്ടറിൽ എത്തിയ ഉക്രൈൻ അവരെ തന്നെ വീഴ്‌ത്തി യൂറോ കപ്പ് അവസാന എട്ടിൽ എത്തുമ്പോൾ അതിനു പ്രധാന പങ്ക് ആന്ദ്ര ഷെവ്ഷെങ്കോ എന്ന പരിശീലകനു തന്നെയാണ്. ഉക്രൈനു അവരുടെ ചരിത്രത്തിലെ ഏറ്റവും മഹാനായ കളിക്കാരനും, പരിശീലകനും എല്ലാം ഷെവ്ഷെങ്കോ തന്നെയാണ്. അയ്യാൾ തന്നെയാണ് അവരുടെ ഏറ്റവും വലിയ ആവേശവും പ്രതീക്ഷയും എല്ലാം. ഷെവ്ഷെങ്കോയും അയാളുടെ പടയാളികളും ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിന് അത്ര എളുപ്പം മറികടക്കാൻ ആവുന്ന എതിരാളികൾ ആവില്ല എന്നുറപ്പാണ്.