തുടർച്ചയായ 37 മത്തെ ജയവുമായി മൂന്നാം റൗണ്ട് ഉറപ്പിച്ചു ഇഗ, ബഡോസ, പെഗ്യുല എന്നിവരും മുന്നോട്ട്, പ്ലിസ്കോവ പുറത്ത്

വിംബിൾഡൺ രണ്ടാം റൗണ്ടിൽ ജയം കണ്ടു ലോക ഒന്നാം നമ്പർ ഇഗ സ്വിറ്റെക്. സമീപകാലത്ത് പതിവ് ഇല്ലാത്ത വിധം മൂന്നു സെറ്റ് മത്സരത്തിന് ഒടുവിൽ ആണ് ഇഗ മത്സരം ജയിച്ചത്. ഡച്ച് താരം ലെസ്ലി കെർകോവിനോട് ആദ്യ സെറ്റ് ഇഗ 6-4 നു സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ ആദ്യം ബ്രൈക്ക് നേടിയിട്ടും കൈവിട്ട ഇഗ പതിവിൽ നിന്നു വിഭിന്നമായി രണ്ടാം സെറ്റ് 6-4 നു കൈവിട്ടു. എന്നാൽ മൂന്നാം സെറ്റിൽ തന്റെ മികവിലേക്ക് തിരിച്ചു വന്ന ഇഗ 6-3 നു സെറ്റ് നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 3 തവണ ബ്രൈക്ക് വഴങ്ങിയ ഇഗ എതിരാളിയെ 4 തവണയാണ് ബ്രൈക്ക് ചെയ്തത്. അനായാസ ജയം അല്ലായിരുന്നു എങ്കിലും തുടർച്ചയായ 37 മത്തെ ജയം ആണ് പോളണ്ട് താരം ഇന്ന് കുറിച്ചത്. റോമാനിയൻ താരം ഇറിന ബാരയെ 6-3, 6-2 എന്ന നേരിട്ടുള്ള സ്കോറിന് തകർത്ത നാലാം സീഡ് സ്പാനിഷ് താരം പൗള ബഡോസയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

Screenshot 20220630 224213

അതേസമയം ബ്രിട്ടീഷ് താരം കാറ്റി ബോൾട്ടറോട് 6-3 നു ആദ്യ സെറ്റ് നേടിയ ശേഷം രണ്ടും മൂന്നും സെറ്റുകൾ 7-6, 6-4 എന്ന സ്കോറിന് വഴങ്ങി പരാജയപ്പെട്ട ആറാം സീഡ് കരോളിന പ്ലിസ്കോവ രണ്ടാം റൗണ്ടിൽ പുറത്തായി. തന്റെ ജയം 2 ദിവസം മുമ്പ് മരിച്ച തന്റെ മുത്തശ്ശിക്ക് ആണ് കാറ്റി സമർപ്പിച്ചത്. ബ്രിട്ടീഷ് താരം ഹാരിയറ്റ് ഡാർട്ടിനെ 4-6, 6-3, 6-1 എന്ന സ്കോറിന് മറികടന്ന എട്ടാം സീഡ് അമേരിക്കയുടെ ജെസിക്ക പെഗ്യുലയും മൂന്നാം റൗണ്ട് ഉറപ്പിച്ചു. 13 സീഡും മുൻ ഫ്രഞ്ച് ഓപ്പൺ ജേതാവും ആയ ബാർബൊറ ക്രജികോവ, 20 സീഡ് അമാന്ത അനിസിമോവ, 25 സീഡ് പെട്ര ക്വിറ്റോവ എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം മുൻ യു.എസ് ഓപ്പൺ ജേതാവ് ബിയാങ്ക ആന്ദ്രീസ്കുവിനെ 6-4, 7-6 എന്ന സ്കോറിന് തകർത്തു 17 സീഡ് എലേന റൈബാകിനയും മൂന്നാം റൗണ്ട് ഉറപ്പിച്ചു.