ആദ്യ സെറ്റ് കൈവിട്ട ശേഷം സബലങ്കയെ വീഴ്‌ത്തി പ്ലിസ്കോവ വിംബിൾഡൺ ഫൈനലിൽ

20210708 221538

രണ്ടാം സീഡ് ആര്യാന സബലങ്കയെ വീഴ്‌ത്തി മുൻ ലോക ഒന്നാം നമ്പറും എട്ടാം സീഡും ആയ കരോലിന പ്ലിസ്കോവ വിംബിൾഡൺ ഫൈനലിൽ. ഈ വർഷം ആദ്യം 5 വർഷത്തിന് ഇടയിൽ ആദ്യമായി റാങ്കിംഗിൽ ആദ്യ പത്തിൽ നിന്നു പുറത്ത് പോയ പ്ലിസ്കോവ ഈ ടൂർണമെന്റിൽ പുറത്ത് എടുക്കുന്നത് അസാധ്യമായ ടെന്നീസ് ആണ്. കരിയറിലെ രണ്ടാമത്തെ മാത്രം ഗ്രാന്റ് സ്‌ലാം ഫൈനലിലേക്ക് യോഗ്യത നേടിയ താരം 2016 യു.എസ് ഓപ്പണിന് ശേഷം ആണ് ഈ നേട്ടം കൈവരിക്കുന്നത്. ടൂർണമെന്റിൽ ഇത് വരെ ഒരു സെറ്റ് പോലും വഴങ്ങാത്ത പ്ലിസ്കോവയെ നിർണായക ബ്രൈക്ക് അവസാന സർവീസിൽ കണ്ടത്തി സബലങ്ക 7-5 നു ആദ്യ സെറ്റ് ജയിക്കുന്നു. എന്നാൽ മത്സരത്തിൽ ആദ്യമായും അവസാനവുമായി പ്ലിസ്കോവ വഴങ്ങിയ ബ്രൈക്ക് പോയിന്റ് അത് മാത്രം ആയിരുന്നു.

തുടർന്ന് അതിശക്തമായി തിരിച്ചു വരുന്ന ചെക് റിപ്പബ്ലിക് താരത്തെയാണ് മത്സരത്തിൽ കണ്ടത്. 10 തവണ മത്സരത്തിൽ ബ്രൈക്ക് അവസരങ്ങൾ തുറന്ന ചെക് താരം രണ്ടാം സെറ്റിൽ നിർണായക ബ്രൈക്ക് നേടി സെറ്റ് 6-4 നു സ്വന്തമാക്കി. തുടർന്ന് മൂന്നാം സെറ്റിലും സമാനമായ പ്രകടനം ആണ് ചെക് താരം നടത്തുന്നത്. 6-4 ഈ സെറ്റും നേടി ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനൽ എന്ന സബലങ്കയുടെ സ്വപ്നത്തെ താരം തല്ലി കെടുത്തി. മത്സരത്തിൽ പ്ലിസ്കോവ 14 ഏസുകൾ ഉതിർത്തപ്പോൾ സബലങ്ക 18 ഏസുകൾ ആണ് അടിച്ചത്. തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കിരീടം ലക്ഷ്യം വക്കുന്ന പ്ലിസ്കോവ ഫൈനലിൽ ഒന്നാം സീഡ് ആയ ഓസ്‌ട്രേലിയൻ താരം ആഷ് ബാർട്ടിയെ ആണ് നേരിടുക.

Previous articleഅനായാസ ജയവുമായി ഇംഗ്ലണ്ടിന്റെ പുതുമുഖ നിര, പാക്കിസ്ഥാനെ തകര്‍ത്തത് 9 വിക്കറ്റിന്
Next articleസഞ്ജുവിനെക്കാള്‍ കൂടുതൽ സാധ്യത ഇഷാന്‍ കിഷന് – സഞ്ജയ് മഞ്ജരേക്കര്‍