വിംബിൾഡണിൽ വൈൽഡ് കാർഡ് ആയി എത്തി തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം കളിക്കുന്ന ലോക 338 മത്തെ റാങ്കുകാരിയായ 18 കാരി ബ്രിട്ടീഷ് താരം എമ്മ റാഡുകാനുവിന്റെ അവിശ്വസനീയ സ്വപ്ന കുതിപ്പ് മൂന്നാം റൗണ്ടിലും തുടരുന്നു. മൂന്നാം റൗണ്ടിൽ സൊറെന ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത റൊമാനിയൻ വംശജനായ അച്ഛനും ചൈനീസ് വംശജയായ അമ്മക്കും പിറന്ന എമ്മ ഓപ്പൺ യുഗത്തിൽ വിംബിൾഡൺ അവസാന പതിനാറിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി. ഇത് വരെ ഒരു സെറ്റ് പോലും കൈവിടാതെ അവസാന പതിനാറിൽ എത്തിയ എമ്മ 6-3, 7-5 എന്ന സ്കോറിന് ആണ് സൊറെനയെ തോൽപ്പിച്ചത്. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണയാണ് എമ്മ എതിരാളിയെ ബ്രൈക്ക് ചെയ്തത്. യേലെന ഓസ്റ്റപെൻകയെ 3 സെറ്റുകളിൽ തോൽപ്പിച്ച ഓസ്‌ട്രേലിയൻ താരം അജല ടോംജനോവിച്ച് ആണ് ആണ് എമ്മയുടെ നാലാം റൗണ്ട് എതിരാളി. ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം 6-4, 6-2 എന്ന സ്കോറിന് ജയിച്ചു തിരിച്ചു വന്നാണ് ഓസ്‌ട്രേലിയൻ താരം നാലാം റൗണ്ടിൽ എത്തിയത്.
അതേസമയം ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റും 16 സീഡും ആയ അനസ്‌തേഷ്യയെ വീഴ്‌ത്തി 19 സീഡ് ചെക് റിപ്പബ്ലിക് താരം കരോലിന മുച്ചോവ നാലാം റൗണ്ടിൽ എത്തി. നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു മുച്ചോവയുടെ ജയം. കടുത്ത പോരാട്ടം കണ്ട ആദ്യ സെറ്റ് 7-5 നു നേടിയ മുച്ചോവ രണ്ടാം സെറ്റ് 6-3 നു നേടി അവസാന പതിനാറിൽ ഇടം പിടിച്ചു. 4 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 7 തവണയാണ് മുച്ചോവ ബ്രൈക്ക് മത്സരത്തിൽ നേടിയത്. നാലാം റൗണ്ടിൽ പോളണ്ട് താരം മാഗ്ദ ലിനറ്റെയെ തോൽപ്പിച്ചു വരുന്ന 30 സീഡ് സ്പാനിഷ് താരം പൗല ബഡോസയാണ് മുച്ചോവയുടെ എതിരാളി. ആദ്യ സെറ്റ് 7-5 നു കൈവിട്ട ശേഷമായിരുന്നു പൗലയുടെ ജയം. രണ്ടാം സെറ്റ് 6-2 നും മൂന്നാം സെറ്റ് 6-4 നും നേടിയ സ്പാനിഷ് താരം അവസാന പതിനാറിൽ ഇടം പിടിക്കുക ആയിരുന്നു.