സൂപ്പർ ടൈബ്രൈക്കറിൽ നിലവിലെ ജേതാക്കളെ വീഴ്ത്തി ഓസ്‌ട്രേലിയൻ സഖ്യം വിംബിൾഡൺ പുരുഷ ഡബിൾസ് ജേതാക്കൾ

Wasim Akram

20220710 021402

വിംബിൾഡണിൽ പുരുഷ വിഭാഗം ഡബിൾസിൽ പതിനാലാം സീഡ് ആയ ഓസ്‌ട്രേലിയൻ സഖ്യം മാത്യു എബ്‌ദൻ, മാക്‌സ് പർസൽ സഖ്യം കിരീടം ഉയർത്തി. രണ്ടാം സീഡ് ആയ നിലവിലെ ജേതാക്കൾ ആയ ക്രൊയേഷ്യൻ സഖ്യം നിക്കോള മെക്റ്റിച്, മറ്റെ പാവിച് എന്നിവരെയാണ് 5 സെറ്റ് നീണ്ട സൂപ്പർ ടൈബ്രൈക്കർ വരെ എത്തിയ നാലു മണിക്കൂറിൽ ഏറെ നീണ്ട പോരാട്ടത്തിൽ ഓസ്‌ട്രേലിയൻ സഖ്യം തോൽപ്പിച്ചത്. ക്വാർട്ടർ ഫൈനലിൽ 5 സെറ്റ് പോരാട്ടം അതിജീവിച്ചു സെമിയിൽ 5 മാച്ച് പോയിന്റ് രക്ഷിച്ചു ഫൈനലിൽ എത്തിയ ഓസ്‌ട്രേലിയൻ സഖ്യം ആദ്യ സെറ്റ് കൈവിട്ട ശേഷം തിരിച്ചു വന്നാണ് മത്സരത്തിൽ ജയിച്ചത്.

20220710 021355

ആദ്യ രണ്ടു സെറ്റുകളും ടൈബ്രൈക്കറുകളിലേക്ക് നീണ്ടു. ആദ്യ സെറ്റ് ക്രൊയേഷ്യൻ സഖ്യം നേടിയപ്പോൾ രണ്ടാം സെറ്റ് ഓസ്‌ട്രേലിയൻ സഖ്യം സ്വന്തമാക്കി. മൂന്നാം സെറ്റ് 6-4 നു ക്രൊയേഷ്യൻ സഖ്യം സ്വന്തം പേരിൽ കുറിച്ചപ്പോൾ നാലാം സെറ്റ് 6-4 നു നേടി ഓസ്‌ട്രേലിയൻ സഖ്യം മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ ഇരു ടീമുകളും സർവീസ് കൈവിടാൻ വിസമ്മതിച്ചപ്പോൾ സെറ്റ് സൂപ്പർ ടൈബ്രൈക്കറിലേക്ക് നീണ്ടു. ഒടുവിൽ 10 പോയിന്റ് ടൈബ്രൈക്കർ ജയിച്ചു ഓസ്‌ട്രേലിയൻ സഖ്യം കിരീടം ഉയർത്തി. ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയ ഓസ്‌ട്രേലിയൻ സഖ്യത്തിന് ഈ വർഷം ഇത് രണ്ടാം ഗ്രാന്റ് സ്‌ലാം കിരീടം ആണ്.