പ്രമുഖരുടെ അനായാസജയം കണ്ട് വിംബിൾഡനു തുടക്കം. സെന്റർ കോർട്ടിൽ ആദ്യ റൗണ്ടിൽ വലിയ വെല്ലുവിളികളില്ലാതെ ജയം കുറിച്ച് വിംബിൾഡൺ ഒന്നാം സീഡും നിലവിലെ ജേതാവുമായ നൊവാക് ദ്യോക്കോവിച്ച്. നേരിട്ടുള്ള സെറ്റുകൾക്ക് ജയം സ്വന്തമാക്കിയ നോവാക്കിന് മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും വെല്ലുവിളി ഉയർത്താൻ ജർമ്മനിയുടെ ഫിലിപ്പിനായില്ല. സ്‌കോർ 6-3,7-5,6-3. രണ്ടാം നമ്പർ കോർട്ടിൽ നടന്ന മറ്റൊരു മത്സരത്തിൽ മുൻ ഗ്രാന്റ് സ്‌ലാം ജേതാവായ സ്റ്റാൻ വാവറിങ്കയും നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടു. ബെമെലമാൻസിനെതിരെ 6-3,6-2,6-2 എന്ന സ്കോറിനായിരുന്നു 22 സീഡായ വാവറിങ്കയുടെ ജയം.
കഴിഞ്ഞ വർഷത്തെ സെമിഫൈനലിസ്റ്റായ 4 സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിൻ ആന്റേഴ്‌സനും നേരിട്ടുള്ള സെറ്റുകൾക്കാണ് ജയം കണ്ടത്. 3 നമ്പർ കോർട്ടിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് താരം ഹെർബര്ട്ടിനെതിരെ 6-3,6-4,6-2 എന്ന സ്കോറിനായിരുന്നു ആന്റേഴ്‌സന്റെ ജയം. ഇത്തവണ പലരും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്ന കാനഡയുടെ യുവ താരം ആഗർ അലിസിമയും വിംബിൾഡൺ രണ്ടാം റൗണ്ടിൽ എത്തി. കോർട്ട് നമ്പർ 12 ൽ നടന്ന മത്സരത്തിൽ നാട്ടുകാരൻ കൂടിയായ പോസ്‌പിസിലിനെതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു 19 സീഡുകാരന്റെ ജയം. സ്കോർ- 5-7,6-2,6-4,6-3. വിംബിൾഡൺ ആദ്യദിനം മത്സരങ്ങൾ ഇനിയും പുരോഗമിക്കുകയാണ്.